കണ്ണൂര്‍ : എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന് നിര്‍ദേശം നല്കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.
എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളാണ് ജോസിനുള്ളത്. ഇതില്‍ പന്ത്രണ്ടുവയസുകാരനായ സഹോദരനാണ്, പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. വിഡിയോയുമായി ബന്ധപ്പെട്ട് കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ മുടിയില്‍ പിടിച്ച് നിലത്തടിക്കുന്നതും ചുമരിലിടിക്കുന്നതും വലിച്ചെറിയുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍. കൈയില്‍ കത്തിയെടുത്ത് വെട്ടാന്‍ ഓങ്ങുമ്പോള്‍ ‘അച്ഛാ’ എന്ന് കുട്ടി കരഞ്ഞ് വിളിക്കുന്നുണ്ട്. ‘എന്നെ തല്ലല്ലേ’ എന്നും കുട്ടി പറയുന്നു. ‘അമ്മേ പേടിയാകുന്നു, ഒന്ന് വാ’ എന്ന് വീഡിയോയില്‍ കുട്ടികള്‍ പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.