ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പില്‍ ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് രചിച്ച കവിതകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ വിവാദം. ബിരുദാനന്തര ബിരുദ കോഴ്സിലെ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാഹിത്യം എന്ന വിഭാഗത്തിലാണ് എ ബി വാജ്പേയിയുടെ കവിത ഉള്‍പ്പെടുത്തിയത്. എന്നാല്‍ മുന്‍ പ്രധാനമന്ത്രിയുടെ കവിതകള്‍ക്ക് ഇത്തരം ഒരു ഉന്നത വിദ്യാഭ്യാസ കോഴ്സില്‍ ഉള്പ്പെടുത്തേണ്ടതുള്ള ഗുണനിലവാരം ഇല്ലെന്നാണ് പ്രധാന വിമര്‍ശനം.
വെള്ളിയാഴ്ച ചേര്‍ന്ന സര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ (ഇസി) യോഗമാണ് വാജ്പേയിയുടെ കവിതകള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍, ഈ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. വാജ്പേയിയുടെ കൃതികളില്‍ ബിരുദാനന്തര തല പഠനത്തിന് ആവശ്യമായ സാഹിത്യ ആഴമില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
ധൂമില്‍ (സുദാമാ പാണ്ഡേയ്) , നിരാല (സൂര്യകാന്ത് ത്രിപാഠി ), മുക്തിബോധ് (താർ സപ്തക്) തുടങ്ങിയ പ്രശസ്ത ഹിന്ദി കവികള്‍ അവഗണിക്കപ്പെട്ടിടത്താണ് മുന്‍ പ്രധാനമന്ത്രിയുടെ കൃതികള്‍ പഠന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ കാലത്തെ സങ്കീര്‍ണ്ണമായ സാമൂഹിക-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തിയ പേരുകേട്ട കവികള്‍ പോലും സിലബസില്‍ ഇടം പിടിച്ചില്ല. ഡിയു ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബിരുദാനന്തര സിലബസില്‍ ഉള്‍പ്പെടുത്താന്‍ മാത്രം സാഹിത്യ മൂല്യമില്ലാത്തവയാണ് വാജ്പേയിയുടെ കവിതകള്‍ എന്ന് അധ്യാപക സംഘനടാ പ്രവര്‍ത്തനും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ മിഥുരാജ് ധൂഷ്യ പറയുന്നു.
രാജ്യത്തെ അക്കാദമിക മേഖല രാഷ്ട്രീയ വത്കരിക്കപ്പെടുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഡി യു സിലബസ് പരിഷ്കരണം എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഒരു വിഭാഗം അധ്യാപകര്‍ വിയോജനക്കുറിപ്പും പുറത്തിറക്കി. മതിയായ കൂടിയാലോചന കൂടാതെ സിലബസില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്ന നടപടി ഉന്നത വിദ്യാഭ്യാസത്തിന് മൂല്യം നഷ്ടപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസ മേഖലയില്‍ സെന്‍സര്‍ഷിപ്പിന്റെയും സര്‍ക്കാര്‍ ഇടപെടലിന്റെയും സൂചനയാണിത്. അക്കാദമിക മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുപകരം പ്രത്യയശാസ്ത്രപരമായ ഇടപെടലിന്റെ കാവല്‍ക്കാരനായി ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി പ്രവര്‍ത്തിക്കുകയാണ് എന്നും അവര്‍ ആരോപിക്കുന്നു.