ന്യൂഡല്‍ഹി : വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് സൗകര്യം സജ്ജമാക്കണം. തെരഞ്ഞടുപ്പ് പരിഷ്ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം.
വോട്ടെടുപ്പുദിവസം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രമീകരിക്കുന്ന ബൂത്തുകള്‍ പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ല.ഈ പരിധിയില്‍ പ്രചാരണവും വിലക്കി.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും കമ്മീഷന് അറിയിച്ചു.
പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് സ്വിച്ച് ഓഫ് ചെയ്തിട്ടായിരിക്കണം. എന്നാല്‍ പ്രതികൂലസാഹചര്യങ്ങളുള്ള ഇടങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ മൊബൈല്‍ഫോണ്‍ കൊണ്ടു പോകുന്നതില്‍ ഇളവനുവദിക്കാം. 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ 49എം വ്യവസ്ഥപ്രകാരം വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.