ന്യൂഡൽഹി : അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റർ അഴിമതികേസിലെ പ്രതി ക്രിസ്ത്യൻ മിഷേലിന്റെ ഉപാധികൾ ചുരുക്കി ഡൽഹി ഹൈക്കോടതി. പ്രാദേശിക ജാമ്യക്കാരൻ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അറസ്റ്റിലായി ഏഴ് വർഷം കഴിഞ്ഞിട്ടും വിചാരണ നീളുന്നത് ചൂണ്ടികാട്ടി സുപ്രിംകോടതി മിഷേലിന് ജാമ്യം നൽകിയിരുന്നു. ഇഡി-യുടെ കള്ളപ്പണക്കേസിലും, സിബിഐ ചുമത്തിയ കേസിലുമാണ് ജാമ്യം അനുവദിച്ചിരുന്നത്. സുപ്രിം കോടതിയുടെ വിക്രം നാഥ് ബെഞ്ച് ജാമ്യം അനുവദിച്ചെങ്കിലും വിചാരണകോടതിക്കാണ് ഇതിൽ ഏതൊക്കെ തരത്തിലുള്ള വ്യവസ്ഥകൾ വേണം എന്ന കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം.
പത്ത് ലക്ഷം രൂപ കെട്ടിവെക്കാൻ കോടതി നിർദേശമുണ്ട്. മിഷേലിന്റെ പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ അത് പുതുക്കിയ ശേഷം ഇന്ത്യയിൽ കെട്ടിവെക്കാനും, ഇഡി-ക്ക് മുമ്പാകെ ഹാജരാകാനും വ്യവസ്ഥ വ്യക്തമാക്കുന്നു. മിഷേലിനെതിരെ ചുമത്തിയ രണ്ട് കേസുകളിലും ജാമ്യം അനുവദിച്ചെങ്കിലും കർശന വ്യവസ്ഥകൾ നിലനിൽക്കുന്നതിനാലാണ് മിഷേലിന് പുറത്തിറങ്ങാൻ സാധിക്കാത്തത്.