കൊല്ലം : കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ (73) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
എട്ടുവര്‍ഷത്തോളം കേരളത്തിനായും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായും കളിച്ചിട്ടുണ്ട്. 1973 ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നതില്‍ നജിമുദ്ദീന്റെ പ്രകടനം നിര്‍ണായകമായിരുന്നു. 1975 ല്‍ കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
1977 ല്‍ ഇന്ത്യൻ ടീമിലും അംഗമായിരുന്നു നജ്മുദ്ദീൻ. റഷ്യ, ഹംഗറി ടീമുകള്‍ക്കെതിരേയായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ പന്തുതട്ടിയത്. 2009 ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സില്‍ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. ഭാര്യ: നസീം ബീഗം. മക്കൾ: സോഫിയ, സുമയ്യ, സാദിയ.
കേരളം സൃഷ്ടിച്ച എക്കാലത്തേയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളാണ് നജിമുദ്ദീന്‍. ഓഫ്സൈഡ് ട്രാപ്പില്‍ പെടാതെ എതിരാളികളുടെ പ്രതിരോധപൂട്ട് പൊളിക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്.