കൊച്ചി : താന്‍ റാപ്പ് ചെയ്യേണ്ടന്ന ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികലയ്ക്ക് മറുപടിയുമായി റാപ്പര്‍ വേടന്. താന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍. വേടന് റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യവും ത്രീവഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും വേടന് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഞാന്‍ കണ്ടിരുന്നു. എന്താ ഇപ്പോള്‍ അഭിപ്രായം പറയാന്‍ പറ്റുക എന്നാണ് ആലോചിക്കുന്നത്. നമ്മളെ വീണ്ടും അപകടത്തിലാക്കാനുള്ള പരിപാടിയാണ്. ഇപ്പോള്‍ വിഘടനവാദിയാക്കാനും തീവ്രവാദിയാക്കാനുമുള്ള ശ്രമത്തിലാണ്. അതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാന്‍ എന്റെ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഞാന്‍ ജാതി വെറിപൂണ്ട സംഗീതമാണ് ഉണ്ടാക്കുന്നതെന്നാണ് അവര്‍ പറയുന്നത്. വെട്രിമാരനും പാ രഞ്ജിത്തും സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇവര്‍ വന്നശേഷമാണ് ജാതീയത ഉണ്ടായത് എന്ന് പറയപ്പെടുന്ന ഐഡിയ ഉണ്ടല്ലോ. എനിക്ക് ഇതും അതുമായിട്ട് ബന്ധമുള്ളതായിട്ടാണ് എനിക്ക് തോന്നുന്നത്.’- വേടന് പറഞ്ഞു.
‘നമ്മള് ചെയ്യുന്നത് വര്‍ക്ക് ആവുന്നുണ്ട്. നമ്മളുടെ ജോലി വര്‍ക്ക് ആവുന്നുണ്ട് എന്നതിന്റെ തെളിവാണ് എന്നെ വളഞ്ഞിട്ടുള്ള ആക്രമിക്കല്‍. ഇത് ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണമല്ല. എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ ഐഡിയയ്ക്കെതിരെയാണ്. ഞാന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിന് എതിരെയാണ്. വേടന് മാത്രമല്ല, ഒരുപാട് കാലങ്ങളായിട്ട് സാധാരണക്കാരായ ആളുകള്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയത്തിന് എതിരെയുള്ള വര്‍ത്തമാനമാണിത്. ജോലി ചെയ്യുക, മുന്നോട്ടുപോകുക എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വെറെയൊന്നും പ്രത്യേകിച്ച് പറയാന്‍ ഇല്ല. കാണിച്ചു കൊടുക്കുക എന്നതാണ് നമ്മള് ചെയ്യേണ്ടത്. നിങ്ങളൊക്കെ അത് ചെയ്താ മതി എന്ന ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്നതായാണ് എനിക്ക് തോന്നിയത്. റാപ്പും പട്ടികജാതിക്കാരും തമ്മില്‍ പുലബന്ധമില്ല എന്ന് അവര്‍ പറഞ്ഞല്ലോ. ജനാധിപത്യവും തീവ്രഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ല. ഞാന്‍ ജനാധിപത്യത്തിന്റെ കൂടെ നിന്നാണ് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത്. എനിക്ക് പറ്റിയിരുന്നെങ്കില്‍ ഞാന്‍ ഗസലൊക്കെ പാടിയേനെ. ക്ലാസിക്ക് പാടാനുള്ള തൊണ്ടയില്ലാതെ പോയി. അല്ലെങ്കില്‍ ഞാന്‍ ക്ലാസിക് ഒക്കെ പാടിയേനെ.’- വേടന് തുടര്‍ന്നു.
‘ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പരിപാടിക്കാണ് ഞാന്‍ പോയത്. അതിന് എന്നെ ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമാക്കി ചിത്രീകരിക്കാന്‍ നോക്കുന്നത് മണ്ടത്തരമാണ്. ഞാന്‍ പറഞ്ഞിട്ടുണ്ട് വേടന് എന്ന് പറയുന്നത് ഒരു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കലാകാരനാണ്. ഞാന്‍ ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തിന്റെ കൂടെ നിന്ന് ചെയ്യാണെങ്കില്‍ ആ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതേസമയം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ കൂടെ നില്ക്കുക എന്നത് ഒരു പൗരന്റെ കടമ കൂടിയാണ്.’- വേടന് കൂട്ടിച്ചേര്‍ത്തു.