കൊച്ചി : മുനമ്പം -വഖഫ് ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് തയ്യാറായി. മുനമ്പത്ത് ജനതയെ മറ്റെവിടെങ്കിലും പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ മുനമ്പത്ത് നിലനിര്‍ത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 31ന് മുന്‍പ് മുഖ്യമന്ത്രിക്ക് നേരിട്ട് കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ നിര്‍ണായക ശിപാര്‍ശയുമായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്. ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന സി എന്‍ രാമചന്ദ്രന്റെ റിപ്പോര്‍ട്ടിലാണ് പ്രശ്നപരിഹാരത്തിനുള്ള ശിപാര്‍ശകള്‍. നിലവിലെ ഭൂവുടമകളെ ഇറക്കിവിടാന്‍ സാധിക്കില്ല എന്ന് 70 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം 31 ന് മുന്‍പായി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കുവാനാണ് കമ്മീഷന്റെ നീക്കം. ഫറൂഖ് കോളേജും വഖഫ് ബോര്‍ഡുമായി സര്‍ക്കാര്‍ പ്രശ്ന പരിഹാരത്തിന് ചര്‍ച്ച നടത്തണമെന്ന് കമ്മീഷന് വ്യക്തമാക്കി. ആവശ്യമെങ്കില്‍ പൊതു താല്പര്യം മുന്‍ നിര്‍ത്തി മുനമ്പത്തെ ഭൂമി സര്ക്കാരിനേറ്റെടുത്ത് പ്രദേശവാസികള്‍ക്ക് നല്‍കാം. മുനമ്പീ ജനതയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെടരുതെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.