കോഴിക്കോട് : കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.
കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ , അനസ് എന്നിവരാണ് പിടിയിലായത്. പൊലീസ് പിന്നിലുണ്ടെന്ന് മനസിലാക്കിയ സംഘം അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.
തട്ടിക്കൊണ്ട് പോയ സംഘം കർണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടർന്ന് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നീ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.
കേസിൽ പ്രതികൾക്കായി പൊലീസ് കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ഫോട്ടോയാണ് പൊലീസ് പുറത്തുവിട്ടത്.
സഹോദരന് വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.എന്നാല്‍ അന്നൂസ് റോഷനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.