കോഴിക്കോട് : മലപ്പുറം ജില്ലയിലെ കൂരിയാട്ട് ദേശീയപാത ഇടിഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ രൂപപ്പെട്ടു. കൂരിയാടിന് സമീപം തലപ്പാറയിലും കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുമാണ് റോഡില്‍ വിള്ളലുണ്ടായത്. കാസര്‍കോട് ചെമ്മട്ടം വലയിലും ദേശീയപാതയില്‍ വിള്ളലുണ്ടായിട്ടുണ്ട്.
തലപ്പാറയില്‍ ദേശീയപാതയില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്താണ് വിള്ളല്‍ രൂപപ്പെട്ടത്. ചെറിയ തോതില്‍ വിള്ളല്‍ കണ്ടെങ്കിലും വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ വിള്ളല്‍ കൂടിയതോടെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. സമീപത്തെ സര്‍വീസ് റോഡു വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്. സര്‍വീസ് റോഡിന്റെ സംരക്ഷണഭിത്തിക്കും വിള്ളലുണ്ട്.
കാസര്‍കോട്ടെ കാഞ്ഞങ്ങാട് മാവുങ്കാലിനു സമീപം കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞു താണു. മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴി രൂപപ്പെട്ടു. പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ്. ഇതേത്തുടര്‍ന്നാണ് റോഡ് ഇടിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
എന്നാല്‍ ദേശീയപാത നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയില്ലെന്ന് എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു. മഴ വെള്ളം നിറഞ്ഞതുമൂലം അടിത്തറയിലുണ്ടായ സമ്മര്‍ദ്ദമാണ് കാരണം. സമ്മര്‍ദ്ദം മൂലം വയല്‍ വികസിച്ച് വിള്ളലുണ്ടായി മണ്ണ് തെന്നിമാറി. നാട്ടുകാരുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുള്‍ ശര്‍മ്മ പറഞ്ഞു. ദേശീയപാത തകര്‍ന്നതില്‍ അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.
റോഡ് തകര്‍ന്ന സംഭവം അന്വേഷിക്കുന്നതിനായി ദേശീയപാത അതോറിറ്റി തന്നെ മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, ഇവര്‍ നാളെത്തന്നെ സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മലപ്പുറം ജില്ലാ കലക്ടര്‍ വി ആര് വിനോദ് പറഞ്ഞു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് റോഡ് ഇടിഞ്ഞതുമൂലമുള്ള ഗതാഗത തടസ്സം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാല്‍ വഴിതിരിച്ചുവിടുന്ന റൂട്ടുകളില്‍ പാര്‍ക്കിങ് ഒഴിവാക്കി യാത്ര സുഗമമാക്കാന്‍ പരിശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.