മുംബൈ : മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് ഭുജ്ബലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ 77 കാരനായ ഛഗന്‍ ഭുജ്ബല്‍ സംസ്ഥാനത്തെ പ്രധാന ഒബിസി മുഖങ്ങളിലൊന്നുമാണ്. കഴിഞ്ഞ ഡിസംബറില്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഫഡ്നാവിസ് മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഭുജ്ബലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഭുജ്ബലിനെ ഒഴിവാക്കിയതില്‍ ഒരു വിഭാഗത്തിനിടയില്‍ അതൃപ്തിക്ക് കാരണമായിരുന്നു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഭുജ്ബലിനെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിച്ചത്. സന്തോഷ് ദേശ്മുഖ് കൊലപാതകക്കേസില്‍ അടുത്ത അനുയായിയായ വാല്മീകി കരാഡ് അറസ്റ്റിലായതോടെ, എന്‍സിപി നേതാവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ടെ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഭുജ്ബലിനെ ഉള്‍പ്പെടുത്തിയത്.