കൊച്ചി : തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നു കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയിൽ സുഭാഷിന്റെ മകളാണ് മരിച്ചത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് തിരച്ചിലിൽ നിർണായകമായത്.
കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊന്നതാണെന്നു കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങൾ നേരിട്ടിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.
ഇന്നലെ വൈകീട്ട് നാല് മണിയോടെ കുട്ടി മറ്റക്കുഴിയിൽ നിന്നു ആലുവ കുറമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്കു പോയിരുന്നു. മറ്റക്കുഴിയിൽ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നു ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസിൽ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പിന്നീടാണ് കാണാതായത് എന്നുമാണ് സന്ധ്യ ആദ്യം മൊഴി നൽകിയത്.
പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടർന്നാണു പൊലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജികമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചിൽ ഇന്ന് പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു.
വൈകീട്ട് മൂന്നരയോടെയാണ് അങ്കണവാടിയിലുള്ള കുട്ടിയെ അമ്മ ഒപ്പം കൂട്ടിയത്. ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീട്ടിലേക്കാണ് സന്ധ്യ കുട്ടിയേയും കൊണ്ടു പോയത്. ഏഴ് മണിയോടെ സന്ധ്യ വീട്ടിലെത്തുമ്പോൾ കൂടെ കുട്ടിയുണ്ടായിരുന്നില്ല. കുട്ടിയെവിടെ എന്ന ചോദ്യത്തിനു ആലുവയിൽ വച്ച് കാണാതായെന്നു മറുപടി നൽകി.
വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവിൽ അമ്മയിൽ നിന്നു പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. എട്ട് മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. അവർ അന്വേഷണവും തുടങ്ങി. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി മറുപടി നൽകിയത്. പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്ത് തിരച്ചിൽ ഊർജിതമാക്കിയത്.
അതിനിടെ മൂഴിക്കുളം ഭാഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടി. അതിനിടെ കുട്ടിയുടെ പിതാവും ഇവിടേക്ക് എത്തി. ആലുവ ഡിവൈഎസ്പി പാലത്തിനു താഴെയിറഞ്ഞ പരിശോധിച്ച ശേഷം ആഴമുള്ള സ്ഥലമായതിനാൽ ആലുവയിൽ നിന്നുള്ള യുകെ സ്കൂബ ടീമിനെ വിളിക്കുന്നു. 12.45നാണ് സ്കൂബ ടീം എത്തിയത്. പിന്നീട് ഫയർഫോഴ്സിന്റെ സ്കൂബ സംഘവും സ്ഥലത്തെത്തി. അവർ ഇറങ്ങും മുൻപ് ആലുവയിൽ നിന്നുള്ള സ്കൂബ ടീമിന്റെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.