ന്യൂഡൽഹി : തങ്ങൾക്കെതിരായ ശബ്ദങ്ങളെ ബിജെപി ഭയക്കുന്നു എന്ന് കോണ്‍ഗ്രസ്. ഓപ്പറേഷന് സിന്ദൂര്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കോളജ് അധ്യാപകനെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. തങ്ങള്‍ക്കിഷ്ടപ്പെടാത്ത ഏതൊരു അഭിപ്രായത്തെയും ബിജെപി എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് അധ്യാപകന്റെ അറസ്റ്റ് എന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു
രാജ്യത്തിന്റെ അഖണ്ഡതയാണ് കോണ്‍ഗ്രസിന് പ്രധാനം. ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സേനയെയും സര്‍ക്കാരിനെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. എന്നാല്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. വ്യക്തിഹത്യ, അധിക്ഷേപം, പരിഹാസം, നിയമവിരുദ്ധമായ അറസ്റ്റ്, പ്രതികാര നടപടി എന്നിവയക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതികരിച്ചു.
അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന് മഹ്മൂദാബാദിന്റെ അറസ്റ്റ് ബിജെപിക്ക് ഇഷ്ടപ്പെടാത്ത ഏതൊരു അഭിപ്രായത്തെയും അവര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്സ് പോസ്റ്റില്‍ പറഞ്ഞു. മധ്യപ്രദേശിലെ മന്ത്രിക്കും ഉപ മുഖ്യമന്ത്രിക്കുമെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പ്. സായുധ സേനയെ അധിക്ഷേപിച്ചും വിദേശകാര്യ സെക്രട്ടറി, മകള്‍, വനിത കേണല്‍ എന്നിവര്‍ക്ക് എതിരെയും അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ബിജെപി നേതാക്കള്‍ ഒരു വശത്ത് സംരക്ഷിക്കപ്പെടുമ്പോഴാണ് അലി ഖാന് മഹ്മൂദാബാദിന്റെ അറസ്റ്റ്. ഇത് ഒരാള്‍ക്കെതിരെയുള്ള നടപടിയല്ല, മറിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ, വിയോജിക്കുന്നവര്‍ക്കെതിരായ, ബിജെപിയുടെ വിധ്വേഷത്തിനെതിരെ നിലകൊള്ളുന്നവര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയാണ് എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.