തിരുവനന്തപുരം : ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂറോളം ചോദ്യം ചെയ്ത സംഭവത്തില്‍ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന തിരുവനന്തപുരം പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എസ്ഐക്കെതിരെ നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്നും മറ്റ് രണ്ട് പൊലീസുകാര്‍ക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊലീസിന്റെ മാനസിക പീഡനത്തിനിരയായ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തിയാല്‍ മാത്രമേ തനിക്ക് നിതീ ലഭിക്കുകയുള്ളു. തന്നോട് ഏറ്റവും മോശമായി പെരുമാറിയത് പ്രസന്നന് എന്ന പൊലീസുകാരനാണെന്നും വ്യാജ പരാതിയില്‍ നടപടി വേണമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു
തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം 23നായിരുന്നു സംഭവം. മാല മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പനവൂര്‍ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടില്‍ ആര് ബിന്ദുവിനെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വെള്ളം പോലും നല്‍കാതെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. വസ്ത്രമഴിച്ചു ദേഹപരിശോധനയും വീട്ടില്‍ തിരച്ചിലും നടത്തിയെങ്കിലും മാല കണ്ടുകിട്ടിയില്ല. ഒടുവില്‍, സ്വര്‍ണമാല ഉടമയുടെ വീട്ടില്‍ തന്നെ കണ്ടെത്തിയെങ്കിലും ബിന്ദുവിനെതിരെയുള്ള എഫ്ഐആര്‍ പൊലീസ് റദ്ദാക്കിയില്ല. തുടര്‍ന്ന് പൊലീസിനെതിരെ പരാതിയുമായി യുവതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.