ന്യൂഡല്‍ഹി : പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരപ്പണി നടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ വനിതാ വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ ഇടപെടലുകള്‍ ദുരൂഹത വര്‍ധിക്കുന്നു. 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജ്യോതി നടത്തിയ യാത്രകളുടെ വിവരങ്ങളും ഇവരുടെ സാമ്പത്തിക സ്രോതസുകളും ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പുള്‍പ്പെടെ നിരവധി തവണ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന് സന്ദര്‍ശിച്ചിരുന്നതായി ഹരിയാന പൊലീസ് പറയുന്നു. ഭീകരാക്രമണത്തിന് മൂന്ന് മാസം മുമ്പ് ജ്യോതി ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലും പഹല്‍ഗാമിലും സന്ദര്‍ശനം നടത്തിയിരുന്നു എന്നുള്ള വിവരങ്ങളും ലഭിച്ചതായും പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജ്യോതിയുടെ ചൈന യാത്രയും അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. പാകിസ്ഥാന് യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിനു മുന്‍പ് ഇവര്‍ നടത്തിയ പാക്ക് സന്ദര്‍ശനത്തിന്റെ വിവരങ്ങളും പൊലീസ് പരിശോധിക്കുകയാണ്.
തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ജ്യോതി മല്‍ഹോത്രയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പാകിസ്ഥാന് ഉദ്യോഗസ്ഥരുമായും യൂട്യൂബ് ഇന്‍ഫ്ളുവര്‍സര്‍മാരുമായും ജ്യോതി നേരിട്ട് ബന്ധപ്പെട്ടിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട ചില വിവരങ്ങളെ കുറിച്ച് ജ്യോതിയും പാക്ക് ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ചിരുന്നു എന്നും വ്യക്തമായതായി
ഹിസാര്‍ പോലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ സാവനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പുറെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ പാക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്വാധീനിക്കുന്നു എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നും ഹരിയാന പൊലീസ് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ജ്യോതിയെ ഉപയോഗിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് നല്കുന്ന സൂചന.
ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. യൂട്യൂബ് വരുമാനവും ജ്യോതി നടത്തിയ വിദേശ യാത്രകളും തമ്മിലുള്ള ബന്ധമാണ് പൊലീസ് പരിശോധിക്കുന്നത്. 33 കാരിയായ ജ്യോതി മല്‍ഹോത്രയുടെ ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്സ്ക്രൈബര്‍മാരാണ് ഉള്ളത്. യൂട്യൂബ് വരുമാനം കൊണ്ട് ഇത്രയും വിദേശ യാത്രകള്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇതാണ് മറ്റ് സാധ്യതകള്‍ പരിശോധിക്കുന്നതിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ജ്യോതിയെ വരും ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണം ഏജന്‍സികള്‍ ചോദ്യം ചെയ്തേക്കും. അതേസമയം, ജ്യോതി മല്‍ഹോത്രയ്ക്ക് എതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കുടുംബം. കേസ് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജ്യോതിയുടെ പിതാവ് ആരോപിച്ചു.