ന്യൂഡൽഹി : ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായി ടെലഫോണിൽ ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇറാനുമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള താൽപര്യം ഇന്ത്യ അറിയിച്ചു. അലി അക്ബർ അഹ്മദിയാനുമായി ടെലിഫോണിലാണ് സംസാരിച്ചത്. ഇറാന്റെ സഹായത്തിനും സഹകരണത്തിന് നന്ദി അറിയിച്ചു.
ചബഹാർ തുറമുഖത്തിന്റെയും ഇൻറർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിന്റെയും വികസനം ചർച്ച ചെയ്തു. “രണ്ട് പുരാതന നാഗരികതകൾ എന്ന നിലയിൽ ഇറാനും ഇന്ത്യയും ആഴത്തിൽ വേരൂന്നിയ ബന്ധങ്ങൾ പങ്കിടുന്നുവെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ സഹകരണത്തിന് വിശാലമായ സാധ്യതകൾ പങ്കിടുന്നുവെന്നും അഹ്മദിയൻ പറഞ്ഞു,” വാർത്താക്കുറിപ്പിൽ പറയുന്നു.
ഇറാന്റെ ഊർജ്ജ സമ്പന്നമായ തെക്കൻ തീരത്ത് സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ചബഹാർ തുറമുഖം, കണക്റ്റിവിറ്റിയും സാമ്പത്തിക ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും ഇറാനും ചേർന്നാണ് നിർമ്മിക്കുന്നത്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 7,200 കിലോമീറ്റർ മൾട്ടി-മോഡ് ചരക്ക് ഗതാഗത പദ്ധതിയാണ് ഐഎൻഎസ്ടിസി.