ആലപ്പുഴ : തപാല്‍വോട്ട് വിവാദത്തില്‍ തനിക്കെതിരെയുള്ള കേസില്‍ ഭയമില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരന്. ഇക്കാര്യത്തില്‍ ആരുടേയും സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായം അഭ്യര്‍ഥിച്ച് പാര്‍ട്ടിയില്‍ ആരെയും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും തിരിച്ചും ആരും ഇതുവരെ വിളിച്ചിട്ടില്ലെന്നും സുധാകരന് മാധ്യമങ്ങളോട് വ്യക്തമാക്കി.
ജനങ്ങളുടേയും അഭിഭാഷകരുടേയും പിന്തുണയുണ്ട്. ഗൂഢാലോചനയുണ്ടോയെന്ന് അറിയില്ല. എന്തായാലും നല്ല ആലോചനയല്ല. എന്തിനാണ് കേസെടുത്തതെന്ന് എസ്പിയോട് പോയി ചോദിക്കൂ. നെഗറ്റീവായ കാര്യം പറഞ്ഞ് പോസിറ്റീവായ റിസല്‍ട്ടുണ്ടാക്കാനാണ് ശ്രമിച്ചത്. കേസുകള്‍ പുത്തരിയല്ലെന്നും ഒരുപാട് കേസുകള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടെന്നും ഇതൊന്നും പുത്തരിയല്ലെന്നും സുധാകരന് പറഞ്ഞു. മന്ത്രി സജി ചെറിയാനെതിരെയും പരോക്ഷമായി അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. നിയമവ്യവസ്ഥയെ മുഴുവന്‍ വെല്ലുവിളിച്ചയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു. ഒരുമാസമെടുത്താണ് കേസെടുത്തത് തന്നെ. എന്നാല്‍ തന്റെ കാര്യത്തില്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുവെന്നും സുധാകരന് പറഞ്ഞു.
1989ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്കുവേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന് പറഞ്ഞത്. എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’സിപിഐഎമ്മിന്റെ സര്‍വീസ് സംഘടനയായ കെ എസ് ടി എയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന് കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഐഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു. ഇവ തിരുത്തി.ഞങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തി. സര്‍വീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂര്‍ണമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാറില്ല. ഒട്ടിച്ച് തന്നാല്‍ അറിയില്ലെന്ന് കരുതേണ്ട, ഞങ്ങള്‍ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റല്‍ ബാലറ്റ് കിട്ടുമ്പോള്‍ മറ്റാര്‍ക്കും ചെയ്യരുത്. ഈ സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന് എനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ല’ എന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍.
1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വക്കം പുരുഷോത്തമന് എതിരെയായിരുന്നു ദേവദാസ് മത്സരിച്ചത്. കാല് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വക്കം പുരുഷോത്തമനായിരുന്നു അന്ന് വിജയി.