കൊച്ചി : എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിന് ശേഷം പ്രതികളിൽ ഒരാളെ രക്ഷപ്പെടാൻ സഹായിച്ചത് സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ. തൊട്ടടുത്ത ദിവസം പ്രതിയായ കോൺസ്റ്റബിൾ മോഹന്‍ ഡ്യൂട്ടിയില്‍ കയറാനും അനുമതി നൽകി. ആരോപണ വിധേയനായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇയാൾക്കെതിരെ സിഐഎസ്എഫ് വകുപ്പുതല നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
അതേസമയം, കേസില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. എസ്.ഐ വിനയ് കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവരെ ഈ മാസം 29 വരെയാണ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
സംഭവത്തില്‍ സിഐഎസ്എഫിന്റെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പ്രതികളെ സർവീസിൽ നിന്നും പിരിച്ചു വിടണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.