തിരുവനന്തപുരം : അര്‍ജന്റീന ഫുട്ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്പോണ്‍സറാണെന്നും മന്ത്രി പറഞ്ഞു.
മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന് പറഞ്ഞു.
ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് ഏതാണ്ട സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.
2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നന്ദി പറഞ്ഞിരുന്നു.
അര്‍ജന്റീന ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികള്‍. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഈ വര്‍ഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും.