ന്യുഡല്‍ഹി : പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബഹുമതിയായി കാണുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കില്ലെന്നും തരൂര്‍ പറഞ്ഞു. ഒപ്പം കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂര്‍ എക്സില്‍ പങ്കുവച്ചു.
കോണ്‍ഗ്രസ് നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് പ്രതിനിധി സംഘത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരൂരിനെ ഉള്‍പ്പെടുത്തിയത്. നാല് അംഗങ്ങളുടെ പേരാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയായ ആനന്ദ് ശര്‍മ, ഗൗരവ് ഗെഗോയി, സയ്ദ് നാസീര്‍ ഹുസൈന്, രാജ് ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട എംപിമാരുടെ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് പ്രതിനിധിയുടെ പേര് നിര്‍ദേശിക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് അംഗങ്ങളുടെ പേര് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. പാര്‍ട്ടി നിര്‍ദേശിച്ച പേരുകള്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷ് എക്സില്‍ കുറിക്കുകയും ചെയ്തു. കേന്ദ്രപ്രതിനിധി സംഘത്തില്‍ ഒരു ഗ്രൂപ്പിനെ നയിക്കുക കോണ്‍ഗ്രസ് ശശി എംപി തരൂര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യാ – പാകിസ്ഥാന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിന് തരൂരിനെ പാര്‍ട്ടി താക്കിത് ചെയ്തെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തരൂര്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. തരൂരിനെ കൂടാതെ സംഘത്തെ നയിക്കുക രവിശങ്കര്‍ പ്രസാദ്, സഞ്ജയ് കുമാര്‍ ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലെ എന്നിവരായിരിക്കുമെന്ന് കിരണ്‍ റിജിജു എക്സില്‍ കുറിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നിര്‍ദേശിക്കാതെ തന്നെ ശശി തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ആകാംക്ഷയുണ്ടാക്കിയിട്ടുണ്ട്. നേരത്തെ നരേന്ദ്ര മോദിയുടെ വിദേശ നയത്തെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ നിലപാട് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. ഓപ്പരേഷന് സിന്ദൂറുമായി ബന്ധപ്പെട്ടും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്നു വ്യതിചലിച്ച് തരൂര്‍ അഭിപ്രായ പ്രകടനം നടത്തി. ഇതിനു തരൂരിനെ പാര്‍ട്ടി താക്കീത് ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലൊണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.