തിരുവനന്തപുരം : വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന് ബെയ്ലിന് ദാസ് റിമാന്‍ഡില്‍. 27വരെയാണ് ബെയ്ലിനെ കസ്റ്റഡിയില്‍ വിട്ടത്. ബെയ്ലിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചു.
പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന് വാദം. എന്നാല്‍ യുവതിയുടെ ആക്രമണത്തില്‍ ബെയ്ലിന് ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ അഭിഭാഷക മര്‍ദിച്ചപ്പോള്‍ കണ്ണട പൊട്ടി ബെയ്ലിന്റെ ചെവിക്ക് ഇന്ഫെക്ഷന് ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുക്കുന്നുവെന്ന് പറഞ്ഞ കോടതി ഒരുതവണ കൂടി പ്രതിയെ പരിശോധന നടത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു. നാളെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് ഈ റിപ്പോര്‍ട്ട് കൂടി കോടതിയില്‍ ഹാജരാക്കും.
പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്എച്ചഒയ്ക്ക് വിവരം ലഭിച്ചു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടുകയായിരുന്നു.
അതേസമയം പ്രതിയെ പിടികൂടിയതില്‍ ആശ്വാസമുണ്ടെന്നും അനുഭവിച്ച മാനസിക സമ്മര്‍ദം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും മര്‍ദനമേറ്റ ശ്യാമിലി പറഞ്ഞു. കേരളാ പൊലീസിന് ഉള്‍പ്പെടെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ശ്യാമിലി പ്രതികരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ശ്യാമിലിയെ ബെയ്ലിന് ദാസ് മര്‍ദിച്ചത്.