തിരുവനന്തപുരം : ഇത്തവണ നാലാം ക്ലാസിലെ കേരള പാഠാവലി കുട്ടികള്‍ക്ക് മുമ്പിലെത്തുന്നത് ചരിത്രം രചിച്ചുകൊണ്ടാണ്. കാലങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന പാഠപുസ്തക ചിത്രരചനാ രംഗത്ത് പുതുചരിത്രം രചിച്ചുകൊണ്ടാണ് ഈ പാഠപുസ്തകം എത്തുന്നത്. ഇതിലെ എല്ലാ ചിത്രങ്ങളും വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥിനികളും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണര്‍ത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ചിത്രങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണെന്നും ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാന്‍ വ്യത്യസ്ത ശൈലികളും വര്‍ണ്ണങ്ങളും ഉപയോഗിച്ചിരിക്കുന്നുവെന്നും മന്ത്രി പറയുന്നു.
ചിത്രീകരണങ്ങള്‍ കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും പൂര്‍ണ്ണമായി പരിഗണിച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പഠനത്തെ കൂടുതല്‍ ആസ്വാദ്യകരവും ലളിതവുമാക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. ചിത്രമെഴുതിയ പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും, പാഠപുസ്തക നിര്‍മ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. സ്ത്രീ മുന്നേറ്റത്തിന്റെയും തുല്യതയുടെയും പാതയില്‍ ഇതൊരു നാഴികക്കല്ലാണ്, വി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.