കോഴിക്കോട് : ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയില്‍ ചരിത്രത്തിലാദ്യമായി രണ്ടു വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തീരുമാനമെടുത്തെങ്കിലും, ഔദ്യോഗിക പോസ്റ്ററില്‍ വനിതകളുടെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനം. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ കേരള സ്റ്റേറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് വിമര്‍ശനം.
ചരിത്രത്തില്‍ ആദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്ന് പറഞ്ഞിട്ട് അവരുടെ ചിത്രം എവിടെയെന്ന് കമന്റില്‍ ചോദ്യമുയര്‍ന്നു. ചരിത്രത്തില്‍ വനീതകള്ക്ക് ലീഗ് ആദ്യമായി കമ്മിറ്റിയില്‍ സ്ഥാനം കൊടുത്തു അവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, എന്ത് പോസ്റ്ററാണ് ഇത് എന്നായിരുന്നു മറ്റൊരു പ്രതികരണം.
അപ്പോള്‍ രണ്ട് പെണ്ണുങ്ങള് എന്തിന് ഉള്ളതാണ്?. അവരുടെ ഫോട്ടോ വെക്കാന്‍ പാടില്യ ന്ന് ഉണ്ടോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതകളുടെ ചിത്രങ്ങള്‍ ഈ ഫോട്ടോയില്‍ കണ്ടെത്തുന്നവര്‍ എന്നെകൂടി അറിയിക്കേണ്ടതാണ് എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ, ദേശീയ കമ്മിറ്റിയില്‍ ഇടംപിടിച്ച വനിതകളുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വയനാട്ടില്‍ നിന്നുള്ള ജയന്തി രാജന്, ചെന്നൈയില്‍ നിന്നുള്ള ഫാത്തിമ മുസഫര്‍ എന്നിവരാണ് ദേശീയ കമ്മിറ്റിയില്‍ ഇടംനേടിയത്.