ന്യൂഡല്‍ഹി : മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ വനിതകളെയും ഉള്‍പ്പെടുത്തി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫസര്‍ ഖാദര്‍ മൊയ്തീന് ദേശീയ അധ്യക്ഷനായും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയായും തുടരും. പി വി അബ്ദുള്‍ വഹാബ് എംപിയാണ് ട്രഷറര്‍.
ദേശീയ കമ്മിറ്റിയില്‍ രണ്ട് വനിതകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനിത ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ചെന്നൈയില്‍ നിന്നുള്ള ഫാത്തിമ മുസഫര്‍, വനിത ലീഗ് ദേശീയ സെക്രട്ടറിയായിരുന്ന വയനാട് നിന്നുള്ള ജയന്തി രാജന് എന്നിവരാണ് ദേശീയ കമ്മിറ്റിയില്‍ ഇടംനേടിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട, വയനാട് ഇരുളം സ്വദേശിയായ ജയന്തി നിലവില്‍ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റാണ്
ജയന്തി രാജനെയും ഫാത്തിമയെയും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായാണ് നിയമിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുന്നത്. പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും, നാഷണല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായി ഇ ടി മുഹമ്മദ് ബഷീറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
അബ്ദുസമദ് സമദാനി സീനിയര്‍ വൈസ് പ്രസിഡന്റാണ്. കെപിഎ മജീദ് എംഎല്‍എ, കെ സൈനുള്‍ ആബിദിന് എന്നിവര്‍ കേരളത്തില്‍ നിന്നും വൈസ് പ്രസിഡന്റായി നിയമിതരായിട്ടുണ്ട്. മുനവറലി ശിഹാബ് തങ്ങള്‍, അഡ്വ. ഹാരിസ് ബീരാന്, സി കെ സുബൈര്‍ എന്നിവര്‍ കേരളത്തില്‍ നിന്നും ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.