കൊച്ചി : സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ ഗാന്ധിയനും കൊച്ചി പ്രജാമമണ്ഡലം നേതാവും ആയിരുന്ന വിആര്‍ കൃഷ്ണനെഴുത്തച്ഛനെയും ‘ഏറ്റെടുത്ത്’ ബിജെപി. ഇരുപത്തിയൊന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അവണിശ്ശേരിയിലുള്ള കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
രാവിലെ എട്ടരയോടെ വിഎം സുധീരന്റെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് അംഗങ്ങളും ഭാരവാഹികളും എത്തി പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം ആണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും എത്തി പുഷ്പാര്‍ച്ചന നടത്തിയത്. കൃഷ്ണനെഴുത്തച്ഛന്‍ മരിച്ച 21 വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യമായാണ് ബിജെപി അദ്ദേഹത്തെ അനുസ്മരിക്കാനെത്തിയത്.
നേരത്തേ കൃഷ്ണനെഴുത്തച്ഛന്റെ മകന് ജയ ഗോവിന്ദന് ബിജെപി സ്ഥാനാര്‍ഥിയായി പഞ്ചായത്തില്‍ മത്സരിച്ചിരുന്നു. പൂങ്കുന്നത്തെ മുരളി മന്ദിരത്തില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. ലീഡറുടെ മകള്‍ പത്മജ ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം നിരവധി പത്മജാ വിഭാഗക്കാര്‍ ലീഡറുടെ വീട്ടില്‍ വച്ച് സ്മൃതി മണ്ഡപത്തെ സാക്ഷിയാക്കി ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
അടുത്തിടെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന ഏക മലയാളി ചേറ്റൂര്‍ ശങ്കരന്‍നായരുടെ ചരമദിനത്തില്‍ അദ്ദേഹത്തെ ബിജെപി അനുസ്മരിച്ചിരുന്നു. ചേറ്റൂരിന്റെ നാടായ മങ്കരയിലുള്ള സ്മൃതിമണ്ഡപത്തില്‍ എത്തിയാണ് ബിജെപി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തിയത്. പികെ കൃഷ്ണദാസ്, പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
1897ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു ചേറ്റൂര്‍ ശങ്കരന്‍നായര്‍. ഗാന്ധിജിയുടെ സമരരീതികളോടു ചില വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. ഈയിടെ, ഹരിയാനയിലെ ഒരു ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂരിനെ അനുസ്മരിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിന്റെ തുടര്‍ച്ചയായി കേന്ദ്രമന്ത്രി സുരേഷ്ഗോപി ചേറ്റൂരിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയായിരുന്നു ചേറ്റൂരിന്റെ സ്മൃതി കൂടിരത്തില്‍ ബിജെപി വക പുഷ്പാര്‍ചന.