ന്യൂഡല്‍ഹി : ദേശീയ പ്രാധാന്യമുള്ള സെന്‍സിറ്റീവും ഗൗരവമേറിയതുമായ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നതിനെ താന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഗൗരവമേറിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ പരസ്യ ചര്‍ച്ച ചെയ്യരുത്. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് സ്വകാര്യമായി ചര്‍ച്ച നടത്തുന്നത് ഉചിതമായിരിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ദൂര്‍ വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചര്‍ച്ച ചെയ്യണണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പവാറിന്റെ പ്രതികരണം.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും പ്രതിപക്ഷ നേതാക്കളെയും വിളിച്ച് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ച് പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്ന് ശരദ് പവാര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിലും അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ട്രംപ് ഇടപെടാന്‍ പാടില്ലായിരുന്നു. സിംല കരാര്‍ അനുസരിച്ച് നമ്മുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് സാധിക്കുമെന്നും പവാര്‍ അഭിപ്രായപ്പെട്ടു.