ശ്രീനഗര്‍ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് അറിയിച്ചു കൊണ്ട് പൊലീസിന്റെ പോസ്റ്ററുകള്‍. ഭീകരരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്നാണ് ജമ്മു കശ്മീര്‍ പൊലീസ് പോസ്റ്ററില്‍ വ്യക്തമാക്കുന്നത്. പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത അലി ഭായി, ഹാഷിം മൂസ, ആദില്‍ ഹുസൈന് തോക്കര്‍ എന്നീ ഭീകരരുടെ ചിത്രം സഹിതമാണ് പൊലീസിന്റെ പോസ്റ്റര്‍. ഭീകര മുക്ത കശ്മീര്‍ എന്ന സന്ദേശവും പോസ്റ്ററിലുണ്ട്. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അടക്കം അതീവരഹസ്യമായി സൂക്ഷിക്കുമെന്നും ജമ്മു കശ്മീര്‍ പൊലീസ് പറയുന്നു.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഹാഷിം മൂസ, അലി ഭായി എന്നിവര്‍ പാകിസ്ഥാന് സ്വദേശികളും, ആദില്‍ ഹുസൈന് തോക്കര്‍ കശ്മീരിയുമാണ്. ഇയാള്‍ ലഷ്കര്‍ ഇ തയ്ബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു. പഹല്‍ഗാമില്‍ ഏപ്രില്‍ 22 ന് നടത്തിയ ഭീകരാക്രമണത്തില്‍ 25 ഇന്ത്യക്കാരും ഒരു നേപ്പാളിയും അടക്കം 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ലഷ്കര്‍ ഇ തയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.