ന്യൂഡല്‍ഹി : ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് ഇന്ത്യയെ സംബന്ധിച്ച് നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. നാലു തരത്തിലാണ് യു എസ് പ്രസിഡന്റിന്റെ പ്രസ്താവന ഇന്ത്യയെ നിരാശപ്പെടുത്തുന്നത്. ഒന്നാമതായി അദ്ദേഹം ഭീകരവാദത്തിന്റെ ആസൂത്രകരേയും ഇരയേയും തെറ്റായി, ഒരേതരത്തില്‍ തുലനം ചെയ്യുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയുമായുള്ള പാകിസ്ഥാന്റെ ബന്ധങ്ങള്‍ക്കെതിരായ അമേരിക്കയുടെ മുന്‍കാല നിലപാടിനെതിരാണ് ഇതെന്ന് തരൂര്‍ എക്സില്‍ കുറിച്ചു.
രണ്ടാമതായി പാകിസ്ഥാന് ചര്‍ച്ചയ്ക്കുള്ള അവസരം വാഗ്ദാനം നല്കുന്നു. തോക്ക് ചൂണ്ടി നില്ക്കുന്ന ഭീകരരുമായി ഇന്ത്യ ഒരിക്കലും ചര്‍ച്ച നടത്തില്ല. മൂന്നാമതായി ഭീകരരുടെ ലക്ഷ്യമായ, കശ്മീര്‍ വിഷയത്തെ അമേരിക്ക ‘അന്താരാഷ്ട്രവല്‍ക്കരിക്കുന്നു’. തര്‍ക്ക വിഷയമെന്ന വാദത്തെപ്പോലും നിരസിക്കുന്ന ഇന്ത്യ, കശ്മീര്‍ ആഭ്യന്തര പ്രശ്നമായി മാത്രമാണ് കാണുന്നത്. ഈ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടലിന് ഇന്ത്യ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഒരു വിദേശ രാജ്യത്തിന്റെയും മധ്യസ്ഥത അഭ്യര്ത്ഥിച്ചിട്ടുമില്ല.
നാലാമതായി ആഗോളതലത്തില്‍ ഇന്ത്യയെയും പാകിസ്ഥാനെയും പുനര്‍ നിര്‍വചിക്കാനുള്ള ശ്രമവുമുണ്ട്. പതിറ്റാണ്ടുകളായി, ലോക നേതാക്കള്‍ ഇന്ത്യാ സന്ദര്‍ശനങ്ങളെ പാകിസ്ഥാന് സന്ദര്‍ശനങ്ങളുമായി ബന്ധിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ട്രംപിന്റെ പ്രസ്താവന ഒരു പിന്നാക്കം പോകലാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ- പാകിസ്ഥാന് വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും, വ്യാപാരസമ്മര്‍ദത്തിലൂടെയുള്ള തന്റെ നയതന്ത്രസമീപനം ഒരു ആണവയുദ്ധം ഒഴിവാക്കാന്‍ സഹായകമായെന്നും ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ, പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഈ മാസം 19 ന് വിശദീകരിക്കും. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലെ ആക്രമണം, തിരിച്ചടി തുടങ്ങിയവ വിദേശകാര്യ സെക്രട്ടറി വിശദീകരിക്കും. സമീപകാലത്ത് നയതന്ത്രബന്ധം മോശമായ ബംഗ്ലാദേശ്, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.