ന്യൂഡല്‍ഹി : ഇന്ത്യാ – പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്കിയ ഓപ്പറേഷന് സിന്ദൂറിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടിരുന്നു. അതിന് പിറ്റേദിവസം പട്നയില്‍ നടന്ന റാലിയില്‍ പെഹല്‍ഗം സംഭവത്തിന് ശേഷം ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പെഹല്‍ഗാം ഭീകരാക്രമണം കഴിഞ്ഞ് പതിനാലാം ദിവസം ഇന്ത്യ ശക്തമായി തിരിച്ചടിച്ചു
ഇന്ത്യന്‍ ആക്രമണത്തില്‍ ഒന്‍പത് ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തു. നിരവധി ഭീകരരെയും വധിച്ചു. തുടര്‍ച്ചയായി ഉണ്ടായ പാക് പ്രകോപനങ്ങളെ അതിജീവിക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ഒടുവില്‍ പാകിസ്ഥാന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യ– പാക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി–റോ ഡയറക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.