പാലക്കാട് : ഇന്ത്യ – പാകിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാരനായ മുത്തച്ഛനെ കുറിച്ച് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റിനെ പരിഹസിച്ചവരെ വിമര്‍ശിച്ച് ഡോ. സൗമ്യ സരിന്. എന്തിനെയും പരിഹസിക്കുന്ന അശ്ലീലങ്ങള്‍ ഒരിടത്തു മാത്രമല്ല. എല്ലാ രാഷ്ട്രീയ ചേരികളിലും ഉണ്ട്. അവര്‍ക്കെല്ലാം ഒരേ മുഖവും ഒരേ ഭാഷയുമാണെന്ന് സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
35 വര്‍ഷം നീണ്ട സൈനിക സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുന്ന മുത്തച്ഛനെ പരിചയപ്പെടുത്തുന്നതായിരുന്നു സൗമ്യ സരിന് പങ്കുവച്ച പോസ്റ്റ്. രാജ്യം വിണ്ടും ഒരു സൈനിക പോരാട്ടത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയ്ക്കിടെ ഇപ്പോളും താന്‍ സേവന സന്നദ്ധനാണ് എന്നാണ് മുത്തച്ഛന്റെ നിലപാട് എന്ന് വ്യക്തമാക്കുന്നതായിരുന്നു സൗമ്യയുടെ ആദ്യ കുറിപ്പ്. ഇതിനെ പരിഹസിച്ചവര്‍ക്കായാണ് സൗമ്യ ഇപ്പോഴത്തെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
സൗമ്യയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം :-
ഇതാണ് ചിലരുടെ സംസ്കാരം.
ഇവരെ പോലുള്ള അശ്ലീലങ്ങള്‍ ഒരിടത്തു മാത്രമല്ല. എല്ലാ രാഷ്ട്രീയ ചേരികളിലും ഉണ്ട്. അവര്‍ക്കെല്ലാം ഒരേ മുഖവും ഒരേ ഭാഷയുമാണ്.
‘പോത്തിന് എന്ത് എത്തവാഴ’ എന്ന് പറയുന്ന പോലെ ഇവര്‍ക്കെന്ത് രാജ്യം? ഇവര്‍ക്കെന്ത് പട്ടാളക്കാരന്?
വെറുപ്പ് മാത്രം വായിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വിളമ്പി വിളമ്പി അത് നമ്മളെയും കടന്നു അവര്‍ക്ക് അറിയുക പോലുമില്ലാത്ത മറ്റുള്ളവരിലേക്കും വമിപ്പിക്കുകയാണ്.
അല്ലെങ്കില്‍ തൊണ്ണൂറ് വയസ്സ് കഴിഞ്ഞ എന്റെ മുത്തശ്ശനെ കുറിച്ച്, ഞാനിട്ട ഒരു പോസ്റ്റിനെ പരിഹസിച്ചു, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട 35 വര്‍ഷങ്ങള്‍ ഈ രാജ്യത്തെ സേവിച്ച ആ വയോധികനായ ഒരു പാവം പട്ടാളക്കാരനെ പുച്ഛിച്ചു ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ ഇവരെ പോലുള്ളവര്‍ക്ക് അല്ലാതെ വേറെ ഏതെങ്കിലും വിഷങ്ങള്‍ക്ക് സാധിക്കുമോ?
നാണം ഇല്ലെടോ എന്ന് ചോദിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല എന്നറിയാം. കാരണം ആ സാധനം എന്താണെന്നു പോലും അറിയില്ല എന്നത് ഇവരൊക്കെ പലപ്പോഴായി തെളിയിച്ചവരാണ്.
അതുകൊണ്ട് അവിടെ ഇരുന്നു ഇനിയും വെറുപ്പും വിദ്വേഷവും ഛര്‍ദിച്ചു കൊണ്ടിരിക്കുക!
കാരണം ഓരോരുത്തര്‍ക്കും പറഞ്ഞ ചില കാര്യങ്ങളുണ്ട്!
അവര്‍ പഠിച്ചതിനും ശീലിച്ചതിനും വളര്‍ന്നു വന്ന സംസ്കാരത്തിനും ഒക്കെ അനുസരിച്ച്…
നിങ്ങള്‍ക്ക് പറഞ്ഞത് ഇതാണ്… തുടരുക!
നിങ്ങള്‍ പുച്ഛിച്ച എന്റെ മുത്തശ്ശന് കുട്ടികാലത്തു രാത്രി ഊണ് കഴിഞ്ഞാല്‍ എന്നേ നടക്കാന്‍ കൊണ്ട് പോകുമായിരുന്നു. അപ്പോള്‍ ഇംഗ്ലീഷില്‍ ഉള്ള പഴഞ്ചോല്ലുകള്‍ പറഞ്ഞു പഠിപ്പിക്കുമായിരുന്നു. അതില്‍ പ്രധാനപെട്ട ഒന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം.
എന്നെങ്കിലും ഉപകാരപ്പെടും. ഇതൊക്കെ പറഞ്ഞു തരാന്‍ വീട്ടില്‍ ആളുകള്‍ ഉണ്ടായിക്കാണില്ല. സാരമില്ല.
When wealth is lost, nothing is lost!
When health is lost, something is lost!
When character is lost, everything is lost!
ധനം നഷ്ടപെട്ടാല്‍, നിങ്ങള്‍ക്ക് ഒന്നും നഷ്ടപെടുന്നില്ല. ആരോഗ്യം നഷ്ടപെട്ടാല്‍, നിങ്ങള്‍ ചിലതൊക്കെ നഷ്ടപ്പെടുന്നു.
എന്നാല്‍ നിങ്ങളുടെ സല്‍സ്വഭാവം നഷ്ടപെട്ടാല്‍, നിങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെടുന്നു!
മനസ്സിലായോ, വര്‍മ സാറന്മാരെ…?
( ബഹുവചനം മനഃപൂര്‍വമാണ്. കാരണം ഈ മറുപടി ഈ മാന്യദ്ദേഹത്തിന് വേണ്ടി മാത്രമല്ല. ഈ പോസ്റ്റിനു താഴെ വന്നു മെഴുകാന്‍ സാധ്യത ഉള്ള എല്ലാ സാറന്മാര്ക്കും വേണ്ടി കൂടിയാണ് ?? )
മുത്തശ്ശനെ കുറിച്ചുള്ള ഡോ. സൗമ്യ സരിന്റെ കുറിപ്പ് :-
മുത്തശ്ശൻ ആണ്…
റിട്ടയേർഡ് ഫ്ലയിങ് ഓഫീസർ ഉണ്ണികൃഷ്ണൻ നായർ!
ഇന്ത്യൻ എയർ ഫോഴ്സിൽ 35 വർഷം സേവനം അനുഷ്ഠിച്ചു റിട്ടയർ ചെയ്ത ഒരു പട്ടാളക്കാരൻ!
ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് 1990 ഇൽ മുത്തശ്ശൻ റിട്ടയർ ആയി വരുന്നത്. അതിന് ശേഷം മുത്തശ്ശൻറെ പട്ടാളക്കഥകളും ചേതക് സ്കൂട്ടറും ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി. മുത്തശ്ശൻറെ അച്ഛനെ ഞാൻ കണ്ടിട്ടില്ല. പട്ടാളത്തിൽ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവിടെ വെച്ച് മരണപ്പെട്ടു എന്നും. മുത്തശ്ശൻ അദ്ദേഹത്തിന്റെ അമ്മയുടെ ( ഞങ്ങൾ മുത്തി എന്ന് വിളിക്കും ) ഒരേ ഒരു മകൻ ആയിരുന്നു. കൂടെ ഭർത്താവ് ഇല്ലാഞ്ഞിട്ടും ഒരേ ഒരു മകൻ ആയിട്ടും മുത്തി മുത്തശ്ശനെ ഇന്ത്യൻ സേനയിൽ ചേരാൻ തന്നെ പറഞ്ഞയച്ചു. പറഞ്ഞു കേട്ടിട്ടുണ്ട്. അന്നത്തെ കാലത്തു ആ നാട്ടിൽ പത്താം ക്ലാസ് പാസ്സായ അപൂർവം ആളുകളിൽ ഒരാൾ മുത്തശ്ശൻ ആയിരുന്നു എന്ന്… എന്നിട്ടും വേറൊരു ജോലിക്കും പോയില്ല.
മുത്തശ്ശൻ ഒറ്റക്ക് മദ്രാസിൽ പട്ടാളത്തിൽ ജോലി തേടി പോയതും നേരിട്ട കഷ്ടപാടുകളും ഒക്കെ പല തവണയായി മുത്തശ്ശനിൽ നിന്നും കേട്ടിട്ടുണ്ട്.
നമ്മൾ എല്ലാവരും പറയാറില്ലേ ” പട്ടാള വെടി ” എന്ന്… അവർ റിട്ടയർ ആയ ശേഷം പറയുന്ന പഴയ പല കഥകളെയും ഞങ്ങളും പലപ്പോഴും കളിയാക്കിയിട്ടുണ്ട്. ” ആ, മുത്തശ്ശൻ ബോംബിങ് തുടങ്ങീ ട്ടോ ” എന്ന് പറഞ്ഞു ചിരിച്ചിട്ടുണ്ട്. മുത്തശ്ശൻ 1971 യുദ്ധത്തിൽ ആക്റ്റീവ് ആയി പങ്കെടുത്ത ആളാണ്. അന്നത്തെ കഥകൾ എത്ര പറഞ്ഞാലും അദ്ദേഹത്തിന് മതിയാകാറില്ല.
പക്ഷെ പറയാൻ വന്നത് അതല്ല…
ഇപ്പോൾ മുത്തശ്ശൻ എന്റെ അമ്മാവന്റെ കൂടെ ബാംഗ്ലൂരിൽ ആണ് താമസം. തൊണ്ണൂറ് വയസ്സ് കഴിഞ്ഞു.
രണ്ടു ദിവസം മുമ്പ് അമ്മാമ വീഡിയോ കാൾ ചെയ്തപ്പോ തമാശക്ക് ഒരു കാര്യം പറഞ്ഞു…
” സൗമ്യേ, ഇവിടെ ഒരാൾ റെഡി ആയി ഇരിക്കുന്നുണ്ട്. ഇന്ന് എന്തൊക്കെയോ തപ്പുകയും തിരയുകയും ചെയ്യുന്നുണ്ടായിരുന്നു. ചോദിച്ചു നോക്ക് “
ഞാൻ അത്ഭുതത്തോടെ മുത്തശ്ശനോട് ചോദിച്ചു. ” എന്താ മുത്തശ്ശൻ തിരഞ്ഞെത്? എന്തിന് ആണ് റെഡി ആവുന്നത്? “
ഞങ്ങൾ അപ്പോഴും ഒരു തമാശ പോലെ കളിയാക്കി ആണ് ചോദിച്ചത്.
പക്ഷെ മുത്തശ്ശൻ വളരെ ഗൗരവത്തോടെ പറഞ്ഞു.
” കാര്യങ്ങൾ കൂടുതൽ ഗൗരവമായി കൊണ്ടിരിക്കുകയാണ്. സർക്കാർ ഞങ്ങളെ തിരിച്ചു വിളിക്കാൻ സാധ്യതയുണ്ട്. അപ്പൊ വേണ്ട പേപ്പറുകളും ഒക്കെ റെഡി ആക്കി വെക്കുകയായിരുന്നു. എന്റെ മെഡലുകളും യൂണിഫോംമും ഒക്കെ…
ഞങ്ങൾക്ക് അപ്പോഴും തമാശ ആണ് തോന്നിയത്.
” മുത്തശ്ശൻ എന്താ പറയുന്നത്? ഈ അവസ്ഥയിൽ പോയി എന്ത് ചെയ്യാനാ? “
അതിലും മുത്തശ്ശന്നു ഒരു സംശയവും ഇല്ലായിരുന്നു.
” എനിക്ക് വാർ ഫ്രന്റിൽ പോകാൻ കഴിയില്ലായിരിക്കും. പക്ഷെ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഒരു സ്ഥലത്തു ഇരുന്നു കൊടുക്കാൻ ഇപ്പോഴും എനിക്ക് കഴിയും!”
പിന്നെ ഒന്നും തിരിച്ചു പറയാൻ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല.
അവസാനം ഒന്നൂടി മുത്തശ്ശൻ പറഞ്ഞു…
” വിളിച്ചാൽ പോകണ്ടേ? പോകണം… പോകും! “
“Once a soldier, Always a soldier!”