ന്യൂഡൽഹി : സൈബറാക്രമണത്തില്‍ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ഐഎസ്-ഐപിഎസ് അസോസിയേഷൻ. ആത്മാർഥതയോടെ കർത്തവ്യം നിർവഹിക്കുന്നവരെ ആക്രമിക്കുന്നത് ഖേദകരമാണെന്ന് അസോസിയേഷൻ പ്രതികരിച്ചു.
പാകിസ്താനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം ശക്തമായത്. വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെയായിരുന്നു കടുത്ത സൈബറാക്രമണമുണ്ടായത്. ‘വഞ്ചകൻ’, ‘ഒറ്റുകാരൻ’, ‘രാജ്യത്തെ ശത്രുക്കൾക്ക് വിറ്റു’ തുടങ്ങിയ അധിക്ഷേപങ്ങളായിരുന്നു എക്സിൽ നിറഞ്ഞത്. സൈബറാക്രമണം രൂക്ഷമായതോടെ മിസ്രി എക്സ് എക്കൗണ്ട് ലോക്ക് ചെയ്തിരുന്നു.
അതേസമയം ഇന്ത്യ-പാക് ഡിജിഎംഒ തല ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന നിര്‍ണായക ഹോട്ട്ലൈന്‍ ചര്‍ച്ചയ്ക്ക് പ്രാധാനമേറെയാണ്. ഷെൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാൻ കൂടി വീരമൃത്യു വരിച്ചു. കോൺസ്റ്റബിൾ ദീപക് ചിംഗാംമാണ് വീരമൃത്യു വരിച്ചത്.