ന്യൂഡല്‍ഹി : രാജ്യത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യത്തിന് പെട്രോള്‍,ഡീസല്‍, പാചകവാതക, എല്‍പിജി സ്റ്റോക്കുകള്‍ ഉണ്ടെന്നും പരിഭ്രാന്തി ആവശ്യമില്ലെന്നും എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം സംഭരിക്കാന്‍ ആളുകള്‍ ക്യൂ നില്ക്കുന്ന വീഡിയോയും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതിനെത്തുടര്‍ന്നാണ് ഈ പ്രസ്താവന.
രാജ്യത്തുടനീളം ഇന്ത്യന്‍ ഓയിലിന് ധാരാളം സ്റ്റോക്കുകളുണ്ട്. ഞങ്ങളുടെ വിതരണ ലൈനുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു, ഐഒസി എക്സില്‍ കുറിച്ചു. പാകിസ്ഥാന് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ആശങ്ക കണ്ടത്. പാകിസ്ഥാന് സൈന്യം ഡ്രോണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ജമ്മു കശ്മീരിലും പഞ്ചാബിലും ആക്രമണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശാന്തത പാലിക്കണമെന്നും അനാവശ്യമായ തിരക്ക് ഒഴിവാക്കണമെന്നും ഐഒസി ജനങ്ങളോട് അഭ്യര്‍ഥിച്ചു. കമ്പനിയുടെ വിതരണ ലൈനുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനും എല്ലാവര്ക്കും ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും തിരക്ക് ഒഴിവാക്കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു.