Dr. Poornima B, Infection Control Officer, Amrita Hospital, Kochi
തൊണ്ണൂറു ശതമാനം സാംക്രമിക രോഗങ്ങളും, അണുബാധയും തടയാന്‍ കൈകള്‍ കഴുകുന്നത് വഴി സാധിക്കും എന്ന് കേട്ടാല്‍ അതിശയപ്പെടേണ്ട കാര്യമൊന്നുമില്ല. പലപ്പോഴും നമ്മളുടെ ശരീരത്തിലേക്കുള്ള അണുബാധയുടെ പ്രവേശനം കൈകളിലൂടെയാണ് .
ഈ കാരണം കൊണ്ട് തന്നെയാണ് കൈകളുടെ വൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി ലോകാരോഗ്യ സംഘടനയുടെ കീഴില്‍ എല്ലാ വര്‍ഷവും മെയ് അഞ്ച് ലോക കൈ ശുചിത്വ ദിനമായി ആചരിക്കുന്നത്.
ഈ വര്‍ഷത്തെ ദിനാചരണം കൈയുറകള്‍ (ഗ്ലൗസ്) ധരിച്ചാലും കൈ വൃത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകരെ ബോധവല്‍ക്കരിക്കുന്നതിലാണ് ശ്രദ്ധ നല്‍കുന്നത്.
രോഗാണുക്കളെ തടയുന്ന മികച്ചൊരു മാര്‍ഗ്ഗം തന്നെയാണ് കൈയുറകളുടെ ഉപയോഗം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഡോക്ട്ര്മാരും, നഴ്സുമാരും, മറ്റ് മെഡിക്കല്‍ ജീവനക്കാര്‍ ഏവരും തന്നെ കൈയുറകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധയുള്ളവരാണ്. എന്നിരുന്നാലും, ശരിയായ കൈ ശുചിത്വത്തിന് കൈയുറകള്‍ ധരിക്കുക മാത്രം പോരാതെ വരും. കൈയുറ ഉപയോഗത്തിന് മുമ്പും ശേഷവും കൈ കഴുകുന്നത് ഒഴിവാക്കിയാല്‍ രോഗകാരികള്‍ പകരുകതന്നെ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ‘കൈ ശുചിത്വത്തിനായുള്ള 5 സന്ദര്‍ഭങ്ങള്‍’ പിന്തുടരാവുന്നതാണ് .ഇത് പ്രകാരം കൈകള്‍ നിര്‍ബന്ധമായും കഴുകിയിരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഇവയൊക്കെയാണ്.
രോഗിയെ സ്പര്‍ശിക്കുന്നതിന് മുമ്പ്
ഒരു മെഡിക്കല്‍ പ്രൊസീജ്യറിന് മുന്‍പും ശേഷവും
ശരീര ദ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിന് ശേഷം
ഒരു രോഗിയെ സ്പര്‍ശിച്ച ശേഷം
രോഗിയുടെ ചുറ്റുപാടുകളില്‍ സ്പര്‍ശിച്ച ശേഷം
കൈ ശുചിത്വം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുക. എല്ലാ ആശുപത്രികളും കൈ ശുചിത്വ നിരീക്ഷണം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക. ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുക.
കൈ ശുചിത്വം ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് ഉറപ്പാക്കണം. ക്രിട്ടിക്കല്‍ കെയര്‍ സോണുകളിലും സാനിറ്റൈസേഷന്‍ പോയിന്റുകള്‍ സ്ഥാപിക്കുക, പതിവായി ഓഡിറ്റുകള്‍ നടത്തുക, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കൈയുറകളുടെ അമിത ഉപയോഗത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കോവിഡ്19 മഹാമാരിയുടെ സമയത്ത് നമ്മള് കണ്ടതാണ്. അക്കാലത്ത് ബയോമെഡിക്കല്‍ മാലിന്യ വര്‍ധനയില്‍ ഡിസ്പോസിബിള്‍ ഗ്ലൗസുകള്‍ പ്രധാന പങ്കുവഹിച്ചു. പലപ്പോഴും സിന്തറ്റിക്, ബയോഡീഗ്രേഡബിള്‍ അല്ലാത്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച കൈയുറകള്‍ മെഡിക്കല്‍ മാലിന്യ ശേഖരണ സംവിധാനങ്ങളെയും പരിസ്ഥിതിയെയും ഗണ്യമായി ബാധിക്കുന്നു.
കൈയുറകളുടെ ഉപയോഗം എവിടെയാണ് സുരക്ഷിതമായി കുറയ്ക്കാനാകുകയെന്ന് തിരിച്ചറിയേണ്ടതും ആവശ്യമാണ്.
ആവശ്യമുള്ള സാഹചര്യങ്ങളിലേക്ക് മാത്രം ഉപയോഗം ചുരുക്കുന്നതിലൂടെ ആരോഗ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
കൈകളുടെ ശുചിത്വത്തില്‍ രോഗികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നതാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. കൈകള്‍ വൃത്തിയാക്കിയിട്ടുണ്ടോ എന്ന് ആരോഗ്യ പ്രവര്‍ത്തകരോട് ചോദിക്കാന്‍ രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും അവകാശം ഉറപ്പ് വരുത്തണം . ഇത് കേവലം ക്ലിനിക്കല്‍ ക്രമീകരണങ്ങള്‍ക്കപ്പുറം ഒരു കൂട്ടായ ഉത്തരവാദിത്തമായി മനസിലാക്കാനും സാമൂഹികാവബോധം ശക്തിപ്പെടുത്താനും സഹായിക്കുന്നു.