ന്യൂഡൽഹി : സിബിഐ ഡയറക്ടർ പ്രവീൺ സൂദിന് ഒരു വർഷം കാലാവധി നീട്ടി നൽകുമെന്ന് സൂചന. പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള സമിതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പുതിയ സിബിഐ ഡയറക്ടർ ആരാവണമെന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാവാത്ത സാഹചര്യത്തിലാണ് പ്രവീൺ സൂദിന് കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചത് എന്നാണ് വിവരം.
കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയ്നിങ് മന്ത്രാലയമാണ് സിബിഐ ഡയറക്ടറുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഉത്തരവിറക്കുക. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. പുതിയ ഡയറക്ടറെ കണ്ടെത്താനായില്ലെങ്കിൽ നിലവിൽ പദവിയിലുള്ളയാൾക്ക് ഒരു വർഷം വരെ കാലാവധി നീട്ടി നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
രണ്ട് വർഷമാണ് സിബിഐ ഡയറക്ടറുടെ കാലാവധി. നിലവിലെ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി മേയ് 25ന് അവസാനിക്കും. 1986 ബാച്ച് കർണാടക കേഡർ ഐപിഎസ് ഓഫീസറാണ് പ്രവീൺ സൂദ്. ഡിജിപി പദവിയിലിരിക്കുമ്പോഴാണ് 2023 മേയ് 25ന് സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചത്.