ന്യുഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള വെബ് സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിരവധി വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്തായി പാകിസ്ഥാന് സൈബര്‍ വിഭാഗം അവകാശപ്പെടുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആര്‍മര്‍ഡ് വെഹിക്കിള്‍ നിഗം ലിമിറ്റഡിന്റെ വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്തതായി പാകിസ്ഥാന് സൈബര്‍ ഫോഴ്സ് എക്സില്‍ കുറിച്ചു.
പാകിസ്ഥാന് ഹാക്ക് ചെയ്ത് കടന്നുകയറാനുള്ള ശ്രമം കണക്കിലെടുത്ത് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നീരിക്ഷണം കടുപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് ഹാക്ക് ചെയ്തെന്ന പാകിസ്ഥാന്റെ അവകാശവാദം.
ആര്‍മര്‍ഡ് വെഹിക്കിള്‍ നിഗം ലിമിറ്റഡിന്റെ വെബ്പേജ് ഹാക്ക് ചെയ്ത് ഇന്ത്യന്‍ ടാങ്കിന് പകരം പാകിസ്ഥാന് ടാങ്കിന്റെ ചിത്രം സ്ഥാപിച്ചെന്നാണ് ഒരവകാശവാദം. മറ്റൊരു പോസ്റ്റില്‍ ഇന്ത്യന്‍ പ്രതിരോധ ഉദ്യേഗസ്ഥരുടെ പട്ടിക പുറത്തുവിട്ടു. നിങ്ങളുടെ സുരക്ഷ വെറും മിഥ്യയാണെന്ന കുറിപ്പും പ്രതിരോധ ഉദ്യോഗസ്ഥരുടെ പട്ടികയ്ക്കൊപ്പം ഉണ്ടായിരുന്നു. മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് വെബ്സൈറ്റിലെ 1,600 ഉപയോക്താക്കളുടെ 10 ജിബിയില്‍ കൂടുതല്‍ ഡാറ്റ ചോര്‍ത്തിയാതും പാക് ഹാക്കര്‍മാര്‍ അവകാശപ്പെട്ടു.
ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ഇന്ത്യയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള നയതന്ത്രനടപടികള്‍ കടുപ്പിച്ചിരുന്നു.