കണ്ണൂർ : കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോൺഗ്രസ് കച്ചേരിക്കടവ് വാർഡ് പ്രസിഡന്റ് സുനീഷ് തോമസാണ് അറസ്റ്റിലായത്. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്നാണ് സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബാങ്ക് ജീവനക്കാരൻ സുധീർ തോമസും സുഹൃത്ത് സുനീഷും ചേർന്ന് പ്ലാൻ ചെയ്ത് നടത്തിയ കുറ്റകൃത്യമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ് റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. ഒളിവിൽ പോയ സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ സംസ്ഥാനം കടന്നുപോയെന്നാണ് സൂചന. അതേസമയം, ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഐഎം പിടിച്ചെടുത്തത്.