ന്യൂഡല്‍ഹി : കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നത് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോടും പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കുന്നത്. കെപിസിസി അധ്യക്ഷ മാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ദയവുചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം പാര്‍ട്ടിക്ക് വിട്ടുതരിക. വളരെ ശക്തമായ ലീഡര്‍ഷിപ്പ് പാര്‍ട്ടിക്കുണ്ട്. തീരുമാനമെടുക്കേണ്ട സമയത്ത് എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. ഈ വാര്‍ത്തകളുടെ ഉറവിടം ഞങ്ങളോട് പങ്കുവെയ്ക്കൂ. ഞങ്ങള്‍ക്കും അതാരാണെന്ന് അറിയാമല്ലോ. കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ലഭിക്കുന്നത് ഒന്നും ശരിയായ സോഴ്സില്‍ നിന്നും ലഭിക്കുന്നതല്ലെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മറ്റു ചില നേതാക്കള്‍ പറയുന്നതുപോലെ കടക്കു പുറത്ത് എന്നൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയാറില്ല. എന്നുവെച്ച് ഇപ്പോള്‍ നടക്കുന്ന മാധ്യമവിചാരണ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എതിരാണ്. മാറ്റം ഉണ്ടെങ്കില്‍ അത് അറിയിക്കും. ഞങ്ങള്‍ ആലോചിക്കാത്ത കാര്യങ്ങളാണ് പറയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റും രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് എന്തെല്ലാം വാര്‍ത്തകളാണ് വന്നത്. നേതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. നേതാക്കള്‍ തമ്മില്‍ കാണുന്നത് ഈ കാര്യത്തിന് മാത്രമാണോ എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റിനെയും രാഹുല്‍ഗാന്ധിയെയും കെ സുധാകരന് കണ്ടതിനു പിന്നാലെ അദ്ദേഹത്തെ മാറ്റാന്‍ പോകുകയാണെന്ന് വാര്‍ത്ത നല്കി. എന്നാല്‍ അവര്‍ തമ്മില്‍ നടന്ന ചര്‍ച്ച എന്താണെന്ന് നിങ്ങളറിഞ്ഞോ?. അതൊന്നും അറിയാതെയാണ് മാധ്യമങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കിയത്. ഞങ്ങള്‍ പാവങ്ങള്‍ മാധ്യമങ്ങളോട് ഒന്നും മോശമായി പറയില്ലല്ലോ. അതുകൊണ്ട് എന്തും പറയാമല്ലോ. കോണ്‍ഗ്രസിനെ സംബന്ധിച്ച് എപ്പോഴാണോ തീരുമാനമെടുക്കേണ്ടത്, ആ സമയത്ത് തീരുമാനമെടുക്കാന്‍ ലീഡര്‍ഷിപ്പിന് അറിയാം. പാര്‍ട്ടിയെ വെറുതെ വലിച്ചിഴക്കാനുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ നടത്തിവരികയാണ്. അത് നിര്‍ഭാഗ്യകരമാണ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.