ചെന്നൈ : അപകടത്തിന് സാധ്യതയുണ്ടെന്ന് ജാതകത്തില്‍ പറയുന്നുണ്ടെന്ന് പറഞ്ഞ് ജോലിക്ക് ഹാജരാകാതിരുന്ന ബസ് കണ്ടക്ടറെ പിരിച്ചുവിട്ട നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ജോലിയില്‍ നിന്നും പിരിച്ചു വിട്ട നടപടിക്കെതിരെ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ജീവനക്കാരന് എ സെന്താമരക്കണ്ണന്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ജ്യോതിഷ പ്രവചനം കണക്കിലെടുത്ത് ജോലിക്കു ഹാജരായില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എ ഡി മരിയ ക്ലെറ്റെ ഉത്തരവില്‍ വ്യക്തമാക്കി. ജീവനക്കാരനെ പിരിച്ചുവിടാനുള്ള തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് തീരുമാനത്തെ അംഗീകരിച്ച ലേബര്‍ കോടതിയുടെ ഉത്തരവിനെയും ഹൈക്കോടതി ശരിവച്ചു.
സേലം ജില്ലയിലെ ആത്തൂര്‍ സ്വദേശി എ സെന്താമരക്കണ്ണന്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ സേലം ഡിവിഷനില്‍ കണ്ടക്ടറായിരുന്നു. 2014-ല്‍ കുറേദിവസം തുടര്‍ച്ചയായി ഇദ്ദേഹം ജോലിക്കെത്തിയില്ല. ഇതേത്തുടര്‍ന്ന് അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നതിന് 2015 മാര്‍ച്ച് 27-ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
ഇതിനെതിരേ സെന്താമരക്കണ്ണന്‍ ലേബര്‍ കോടതിയില്‍ പോയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മഞ്ഞപ്പിത്തം മൂലമാണ് ജോലിയില്‍ നിന്നും വിട്ടു നിന്നതെന്നായിരുന്നു സെന്താമരക്കണ്ണന്റെ വാദം. എന്നാല്‍ 2014 ജൂലൈ 3 ന് അധികാരികള്‍ക്ക് സമര്‍പ്പിച്ച ഒരു രേഖ ലേബര്‍ കോടതി കണ്ടെത്തി.
ജാതകപ്രകാരം 2014 ഫെബ്രുവരി 16 മുതല്‍ അപകടസാധ്യതയുണ്ടെന്നും, അതിനാല്‍ രാശികളുടെ സ്ഥാനത്തില്‍ മാറ്റം ഉണ്ടായശേഷം മാത്രമേ ജോലിക്ക് ഹാജരാകൂ എന്നുാണ് അതില്‍ വ്യക്തമാക്കിയിരുന്നത്. ഈ രേഖ പ്രകാരം, ജീവനക്കാരന്റെ അസാന്നിധ്യം പൂര്‍ണ്ണമായും അനധികൃതമാണെന്നും ഒരു ഇളവിനും അര്‍ഹതയില്ലെന്നും വ്യക്തമാക്കിയാണ് ലേബര്‍ കോടതി പുറത്താക്കല്‍ നടപടി ശരിവെച്ചത്. ഇതിനെതിരെയാണ് പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.