കോട്ടയം : പാലാ ഭരണങ്ങാനം വിലങ്ങുപാറ പാലത്തിനു സമീപം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫിന്റെ (21) മൃതദേഹമാണ് ഭരണങ്ങാനം അമ്പലക്കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്.
പാലാ, ഈരാറ്റുപേട്ട അഗ്നിരക്ഷാസേന അംഗങ്ങളും ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ആൽബിന്റെ മൃതദേഹം കിട്ടിയത്. ആൽബിനൊപ്പം കാണാതായ അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ. ജോമോന് (19) വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് നാലംഗ വിദ്യാർഥി സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടമുണ്ടായത്. ആൽബിനും, അമലും അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മറ്റു രണ്ടുപേർ നീന്തി രക്ഷപെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ആറ്റിൽ അടിയൊഴുക്ക് ശക്തമായതിനാൽ തെരച്ചിൽ ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് പുരോഗമിക്കുന്നത്.
പാലാ മുതൽ പുന്നത്തുറ വരെയുള്ള വിവിധ ചെക്ക് ഡാമുകൾ തുറന്ന് 3 സംഘങ്ങളായി തിരിഞ്ഞ് നടത്തുന്ന തെരച്ചിലിലാണ് ഭരണങ്ങാനം അമ്പലക്കടവിന് സമീപത്തു നിന്നും ആൽബിന്റെ മൃതദേഹം കണ്ടെത്തിയത്.