കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് അപകടത്തില്‍ അത്യാഹിത വിഭാഗം പഴയനിലയിലേക്ക് എത്തിക്കാന്‍ പത്ത് ദിവസത്തിലേറെ സമയം എടുക്കും. അപകടത്തിന് പിന്നാലെ ഇന്നലെ വിദഗ്ധസമിതിയുടെ പരിശോധനകള്‍ നടന്നു.
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗവും ചേര്‍ന്നാണ് പരിശോധിച്ചത്. കെട്ടിടത്തിന് വലിയ കേടൊന്നുമില്ല. എംആര്‍ഐയുടെ യുപിഎസ് മുറിയുടെ മുകള്‍ഭാഗത്തെ അലൂമിനിയം സീലിങ്ങിന്റെ കുറച്ചുഭാഗം പൊട്ടിയിട്ടുണ്ട്. ചുമരിലും ചെറുതായി കേടുപാടുണ്ട്. ഇത് വേഗം പരിഹരിക്കാമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
അപകടത്തില്‍ 34 ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. ഇതില്‍ ഒരെണ്ണത്തിന് പരിശോധനയ്ക്കിടയിലും ചാര്‍ജുണ്ടായിരുന്നതായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് ഇന്‍സ്പെക്ടര്‍ കെ.പി. ജ്യോതിഷ് പറഞ്ഞു. ബാറ്ററി പൊട്ടിത്തെറിച്ചതാണ് പുകയുയരാന്‍ കാരണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അധികൃതര്‍ വ്യക്തമാക്കി. ബാറ്ററി ടെര്‍മിനലും പൊട്ടിയതായി പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.
അപകടത്തില്‍ പൊലീസ് അന്വേഷണവും വിവിധ വകുപ്പുതല അന്വേഷണവും തുടരുകയാണ്. അപകട സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. യുപിഎസ് റൂമിലേക്കുള്ള പ്രവേശനം അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗം ഇനി പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. മറ്റുനിലകള്‍ ഉടന്‍ തന്നെ ശുചീകരിച്ചശേഷം ഉപയോഗിച്ചുതുടങ്ങും. പൊട്ടിത്തെറിയുണ്ടായ യുപിഎസ് ഘടിപ്പിച്ച എംആര്‍ഐ ഉപകരണം ശീതീകരിച്ച സ്ഥലത്ത് സൂക്ഷിക്കാന്‍വേണ്ട മുന്‍കരുതലെടുക്കും. ബയോമെഡിക്കല്‍ ഉപകരണമായതിനാല്‍ എംആര്‍ഐയുടെ അറ്റകുറ്റപ്പണി നടത്താന്‍ സ്വകാര്യ സ്ഥാപനമെത്തണം. ഇതിന് സമയമെടുക്കും.
അതേസമയം മെഡിക്കല്‍ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിന്റെ താല്‍ക്കാലിക പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. ഗ്രൗണ്ട് ഫ്ളോറില്‍ ഭാഗീകമായും മറ്റ് 6 നിലകളില്‍ പൂര്‍ണമായും വൈദ്യുതി പുനഃസ്ഥാപിച്ചു.