ന്യൂഡല്‍ഹി : മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ്) ഇന്ന്. 500 നഗരങ്ങളില്‍ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ. ഉച്ചയ്ക്ക് 1.30ന് ശേഷം ആരെയും പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല.
കഴിഞ്ഞ വര്‍ഷത്തെ നീറ്റ് യുജി പരീക്ഷാക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കര്‍ശനസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്നലെ മോക്ക് ഡ്രില്ലുകള്‍ നടത്തി. ഭൂരിഭാഗം പരീക്ഷാകേന്ദ്രങ്ങളും ഇക്കുറി സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. പരീക്ഷയില്‍ ക്രമക്കേട് നടത്തുന്നവരെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യും, ഒപ്പം നിയമ നടപടിയുമുണ്ടാകും.
അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന്, അപേക്ഷകര്‍ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ‘NEET UG 2025 അഡ്മിറ്റ് കാര്‍ഡ്’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
പരീക്ഷാഹാളില്‍ കയറുമ്പോള്‍ കൈയില്‍ കരുതേണ്ടവ :-
അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ്
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി സാധുവായ ഒരു ഫോട്ടോ തിരിച്ചറിയല്‍ രേഖ
ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷാ ഫോമില്‍ സമര്‍പ്പിച്ചതിന് സമാനമായത്)
ഒരു പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ (ഹാജര്‍ ഷീറ്റിനായി)
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പേര്, റോള്‍ നമ്പര്‍, ജനനത്തീയതി, അപേക്ഷാ ഐഡി, കാറ്റഗറി, രക്ഷിതാവിന്റെ വിവരങ്ങള്‍, പരീക്ഷാ തീയതിയും സമയവും, പരീക്ഷാ കേന്ദ്രത്തിന്റെ പേരും പൂര്‍ണ്ണ വിലാസവും,ചോദ്യപേപ്പര്‍ ഭാഷ, ഫോട്ടോഗ്രാഫും ഒപ്പും എല്ലാം ശരിയാണെന്ന് ഉറപ്പാക്കണം. ഡ്രസ് കോഡും പരീക്ഷാ ദിവസത്തെ നിര്‍ദ്ദേശങ്ങളും ശ്രദ്ധയോടെ മനസിലാക്കേണ്ടതാണ്.