കൊച്ചി : പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് റാപ്പർ വേടൻ. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച വേടനോട് ഇന്ന് രാവിലെയാണ് കോടനാട് ഫോറസ്റ്റ് ഓഫീസിലെത്താൻ വനംവകുപ്പ് ആവശ്യപ്പെട്ടത്. മൊബൈൽ ഫോണും പുലിപ്പല്ല് അടങ്ങുന്ന മാലയും തിരികെ നൽകിയെങ്കിലും മൊബൈൽ ഫോണും മാലയും മാത്രമാണ് വേടൻ വാങ്ങിയതെന്നാണ് വിവരം.
പുലിപ്പല്ല് ശാസ്ത്രീയ പരിശോധന നടത്തി അതിന്റെ ഫലം എന്താണ് തനിക്ക് കൂടി അറിയണമെന്നും അതിന് ശേഷം പുലിപ്പല്ല് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് വേടൻ വനംവകുപ്പിനെ അറിയിച്ചത്. എന്നാൽ ഇതിനോട് ഔദ്യോഗികമായി പ്രതികരിക്കാൻ വേടനോ, വനംവകുപ്പോ തയാറായിട്ടില്ല.
പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ റാപ്പര്‍ വേടന് ഏപ്രിൽ 30 നാണ് ജാമ്യം ലഭിച്ചത്. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും ആരാധകര്‍ സമ്മാനിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും വേടന് ജാമ്യാപേക്ഷയില്‍ കോടതിയില്‍ പറഞ്ഞു. ഇത് യഥാര്‍ഥ പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു. കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു വേടൻ പറഞ്ഞത്. എന്നാൽ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തെങ്കിലും കോടതി തള്ളിയാണ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ പരിശോധന നടത്തുന്നതിനിടയിലാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആറുഗ്രാം കഞ്ചാവുൾപ്പടെ പിടികൂടുന്നത്. ഇതിൽ സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും പുലിപ്പല്ല് കേസിൽ വനം വകുപ്പ് വേടനെഅറസ്റ്റ് ചെയ്യുകയായിരുന്നു.