തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2.00 മണി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
റൂട്ടിന് തൊട്ടുമുമ്പായി പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് വെള്ളിയാഴ്ച നടക്കുന്നത്. വിഴിഞ്ഞത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത്.
രാവിലെ 10.15നു ഹെലികോപ്റ്ററിലാകും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തുക. പോര്‍ട്ട് ഓപ്പറേഷന് സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.