തിരുവനന്തപുരം : പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവുശിക്ഷ. കേസിലെ പ്രതികളായ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവന് ഒട്ടകം രാജേഷ്, ശ്യാംകുമാര്‍, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുണ്‍, സച്ചിന്, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഈ പിഴത്തുക കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് നൽകണമെന്നും കോടതി വിധിച്ചു.
ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ (35) പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയും കാല് വെട്ടിമാറ്റി റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്. 2021 ഡിസംബര്‍ 11 നായിരുന്നു നിഷ്ഠൂര കൊലപാതകം നടന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായത്.
ഒന്നാംപ്രതി സുധീഷ് ഉണ്ണിയെ മുന്‍പ് സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെയും അമ്മയ്ക്കുനേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഒട്ടകം രാജേഷ് 3 കൊലപാതകമടക്കം 18 കേസുകളില്‍ പ്രതിയാണ്. പ്രതികളുടെ ഭീഷണിയെത്തുടര്‍ന്ന് സാക്ഷികള്‍ കൂറുമാറിയ കേസില്‍ ശാസ്ത്രീയ തെളിവുകളുടെ ബലത്തിലാണു പ്രോസിക്യൂഷന് കേസ് തെളിയിച്ചത്.