കൊച്ചി : നിയമവിരുദ്ധമായി പുലിപ്പല്ല് സൂക്ഷിച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയ്ക്കാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുക. ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനും മ്യൂസിക് ബാങ്കിലെ എട്ട് സഹപ്രവർത്തകർക്കും സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് വൈറ്റിലയിലുള്ള വേടന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസാണ് പുലിപ്പല്ല് ലോക്കറ്റ് ആയി ഉപയോഗിച്ച മാല കണ്ടെത്തിയത്. തായ്ലൻഡിൽ നിന്ന് വാങ്ങിയതാണെന്നായിരുന്നു വേടൻ ആദ്യം മൊഴി നൽകിയത്. പിന്നീട് തമിഴ്നാട്ടിലുള്ള ആരാധകൻ തന്നതാണെന്ന് സമ്മതിച്ചു. സമ്മാനമായി ലഭിച്ചതാണെങ്കിലും നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടനെതിരെ വനംവകുപ്പ് കേസെടുത്തത്.
ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒന്നു മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച വേടനെ കോടനാട് റേഞ്ച് ഓഫീസിലേക്ക് ഇന്നലെ രാത്രി തന്നെ കൊണ്ടുപോയി. വളരെ ചെറിയ അളവിലുള്ള കഞ്ചാവായതിനാൽ ആണ് കേസിൽ ജാമ്യം അനുവദിച്ചത്.
അതേസമയം, ഫ്ലാറ്റിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസ് എടുക്കില്ല. ഇവ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് വാങ്ങിയതാണെന്ന് വേടൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആയുധങ്ങൾ വാങ്ങിയതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്. സ്രോതസ് കാണിക്കുന്ന മുറയ്ക്ക് പിടിച്ചെടുത്ത ഒമ്പതര ലക്ഷം രൂപയും വിട്ടുനൽകും.