കൊല്ലം : സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എസ് സുഭാഷ് ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്‍ഷം മുന്‍പ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കേസില്‍ നിന്നൊഴിവാക്കി.
പട്ടിണി കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കേസാണിത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 21ന് രാത്രി മകള്‍ മരിച്ചെന്ന വിവരം തുഷാരയുടെ കരുനാഗപ്പള്ളിയിലെ വീട്ടില്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് അറിയിച്ചത്. ഇതറിഞ്ഞ് രാത്രി തന്നെ തുഷാരയുടെ പിതാവും മാതാവും സഹോദരനും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തി മൃതദേഹം കണ്ടപ്പോള്‍ ദയനീയമായ ശോഷിച്ച രൂപമായിരുന്നു. അവര്‍ പൂയപ്പള്ളി പൊലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് അപൂര്‍വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം ആയിരുന്നു. ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചര്‍മം എല്ലിനോടു ചേര്‍ന്നു മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയര്‍ ഒട്ടി വാരിയെല്ലു തെളിഞ്ഞു നട്ടെല്ലിനോടു ചേര്‍ന്നിരുന്നു. മസ്തിഷ്കത്തില്‍ ഉള്‍പ്പെടെ ആന്തരികാവയവങ്ങളില്‍ നീര്‍ക്കെട്ടു ബാധിച്ചിരുന്നു. 2013 ല്‍ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലില്‍ സൗത്ത് തുഷാര ഭവനില്‍ തുഷാരയുടെയും വിവാഹം. നിര്‍ധന കുടുംബമാണ് തുഷാരയുടേത്. എങ്കിലും 20 പവന് സ്വര്‍ണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കാമെന്ന് ഉറപ്പു നല്കി.
സ്ത്രീധനത്തുക 3 വര്‍ഷത്തിനുള്ളില്‍ നല്‍കാമെന്നു കാണിച്ചു പ്രതികള്‍ തുഷാരയെക്കൊണ്ടു കരാറില്‍ ഒപ്പുവച്ചു. 3 വര്‍ഷത്തിനുള്ളില്‍ പണം നല്കാന് കഴിഞ്ഞില്ലെങ്കില്‍ 5 സെന്റ് സ്ഥലം നല്‍കണമെന്നായിരുന്നു കരാര്‍. എന്നാല്‍, 3 മാസം പിന്നിട്ടപ്പോള്‍ മുതല്‍ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുഷാര സ്വന്തം വീട്ടില്‍ പോകാനോ മാതാപിതാക്കളുമായി സഹകരിക്കാനോ കാണാനോ അനുവദിച്ചില്ല. 2 പെണ്‍കുട്ടികള്‍ ജനിച്ചെങ്കിലും അവരെ കാണാന്‍ പോലും തുഷാരയുടെ വീട്ടുകാരെ അനുവദിച്ചിരുന്നില്ല. തുഷാര മരിക്കുമ്പോള്‍ മക്കള്‍ക്കു മൂന്നര, ഒന്നര വയസ്സ് വീതമായിരുന്നു പ്രായം. ശാസ്ത്രീയമായ തെളിവുകള്‍ക്ക് ഉപരിയായി അയല്‍ക്കാരുടെയും മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി.
കുട്ടിയെ നഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് അവര്‍ കിടപ്പു രോഗിയാണെന്നു പ്രതികള്‍ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് തുഷാര എന്നതിനു പകരം രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണു പ്രതികള്‍ അധ്യാപികയെ വിശ്വസിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ കെബി മഹേന്ദ്ര ഹാജരായി. ഡിവൈഎസ്പിമാരായ ദിനരാജ്, നാസറുദ്ദീന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ അജിത്, വിദ്യ എന്നിവരായിരുന്നു പ്രോസിക്യൂഷന് സഹായികള്‍.