ജമ്മു : ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കശ്മീരിലെ മറ്റൊരു ഭീകരവാദിയുടെ വീട് കൂടി തകര്‍ത്തു. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള ഫാറൂഖ് അഹമ്മദ് തദ്വയുടെ വീടാണ് ഏറ്റവും അവസാനമായി അധികൃതര്‍ ബോംബിട്ട് തകര്‍ത്തത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ആറ് ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കുമെതിരെ സമാനമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശനിയാഴ്ച 60ലധികം സ്്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഗൂഢാലോചന പരമോ ഭീകരവാദപരമോ ആയ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും ആയുധങ്ങളും രേഖകളും പിടിച്ചെടുക്കുന്നതിനാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു.
ഭീകരവാദികളായ ആദില്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകള്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. പുല്‍വാമ, ഷോപ്പിയാന്‍, കുപ്വാര, കുല്‍ഗാം ജില്ലകളിലായി നാല് തീവ്രവാദികളുടെ വീടുകളും കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.