കൊച്ചി : അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രാഹാമിനെതിരെ കേസെടുത്ത് സിബിഐ. ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം സിബിഐ കേസെടുത്തിരിക്കുന്നത്.
എബ്രാഹാമിനെതിരെ കൊച്ചി യൂണിറ്റാണ് കേസെടുത്തത്. എഫ്ഐആർ ഇന്ന് തിരുവനന്തപുരം സിബിഐ കോടതയിൽ സമർപ്പിക്കും. 2015-ൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
ഇതില്‍ തുടര്‍നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. കേസിൽ തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ 2017-ലെ ഉത്തരവ് റദ്ദാക്കിയാണ് കഴിഞ്ഞ ദിവസം സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നീ പദവികളിൽ തുടരുകയാണ് എബ്രഹാം.