തിരുവനന്തപുരം : മതാടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ നിർദേശം നല്കിയ ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി.കെ മനോജ് , ജൂനിയർ സൂപ്രണ്ട് അപ്സര, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി, അവധിയിലായിരുന്ന അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് ഷാഹിന.എ.കെ. എന്നിവർക്കും സസ്പെൻഷനുണ്ട്.
സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രത്യേക മതവിഭാഗത്തിലെ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോര്‍ട്ട് ചോദിച്ച അരീക്കോട് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസറുടെ വിചിത്ര ഉത്തരവ് പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് നടപടി.
ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാനഅധ്യാപകര്‍ക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ കത്തയച്ചത്. “താങ്കളുടെ സ്കൂളില്‍നിന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കണം’ എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.
സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. 2024 നവംബർ 23 ന് കോഴിക്കോട് സ്വദേശി കെ. അബ്ദുൽ കലാം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ കത്തിന്റെ തുടർനടപടികളുടെ ഭാഗമായായിരുന്നു ഇത്തരത്തിൽ വിവരശേഖരണം നടന്നതെന്നതിനാൽ സമൂഹത്തിൽ മതസ്പർദ വളർത്തുന്ന രീതിയിൽ പരാതിയുമായി മുന്നോട്ട് വന്ന അബ്ദുൽ കലാമിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകാനും മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.