ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമെ, മറ്റൊരു നടൻ കൂടി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനു വേണ്ടിയാണെന്ന്, ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞതായാണ് സൂചന. ഷൈന്‍ സൂചിപ്പിച്ച നടന് നിലവിൽ എക്സൈസിന്റെ നിരീക്ഷണത്തിലാണ്.
ആലപ്പുഴക്കാരനല്ലാത്ത നടനാണ് സംശയമുനയിൽ നിൽക്കുന്നത്. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് എക്സെെസ് സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. പൊലീസിന് നൽകിയ മൊഴിയുടെ നിജസ്ഥിതി എക്സൈസ് സംഘം ഷൈൻ ടോം ചാക്കോയിൽ നിന്നും തേടും.
മൊഴിയില്‍ സത്യമുണ്ടെന്ന് വ്യക്തമായാല്‍ ആ നടനെയും ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ തീരുമാനം. ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ഷൈനിനെയും ശ്രീനാഥ് ഭാസിയെയും പരിചയമുണ്ടെന്ന് എക്സൈസിനോട് സമ്മതിച്ചിരുന്നു. നടന്മാരുമായുള്ള ഫോണ്‍വിളികളും ചാറ്റുകളും കണ്ടെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുമായാണ് തസ്ലിമ കൂടുതല്‍ തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നത്.