ശ്രീനഗര്‍ : കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. രാവിലെ ഏഴുമണിയോടെയാണ് പ്രധാനമന്ത്രി ഡൽഹിയിലെത്തിയത്. പഹല്‍ഗാം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്നു ചേരും. പ്രധാനമന്ത്രി കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച (ഇന്നലെ) ആണ് മോദി സൗദിയിലെത്തിയത്. ഭീകരാക്രമണത്തില്‍ എല്ലാ സഹായങ്ങളും സൗദി കിരീടാവകാശി ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭീകരാക്രമണത്തെ അപലപിച്ചു. മോദിയെ ഫോണില്‍ വിളിച്ച് എല്ലാ പിന്തുണയും അമേരിക്ക അറിയിച്ചിട്ടുണ്ട്.
വിദേശസന്ദര്‍ശനം വെട്ടിച്ചുരുക്കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. ഭീകരാക്രമണത്തെത്തുടര്‍ന്ന് കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാത്രി ശ്രീനഗറില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്ന് സന്ദര്‍ശിക്കും.